യേതോ ഒരാന്റി
ഹാന മോളുടെ ലോകം എത്ര ചെറുതാണെന്നോര്‍ക്കുമ്പോള്‍, എനിക്കു വല്ലാത്ത നഷ്ടബോധം തോന്നാറുണ്ട്. അവള്ക്കു മുഖം നോക്കി തിരിച്ചറിയാന്‍ പറ്റുന്ന രണ്ടേ രണ്ടു പേറ്, അവളുടെ പപ്പായും മമ്മായും മാത്രമാണ്. പിന്നെ അവള്ക്കു ഫോണിലൂടെ ശബ്ദം തിരിച്ചറിയാന്‍ പറ്റുന്ന അവളുടെ അമ്പിയും ( അങ്കിള്‍, ഹാനയുടെ നാവിലാദ്യം അമ്പിളിയും, അമ്പിളി പിന്നീടു ലോപിച്ച് അമ്പിയുമായി ), അമ്മച്ചിയും (ഹാന മോളുടെ പപ്പയുടെ അമ്മ ) പിന്നെ ബിഗ് മാമിയും (എന്റെ ചേച്ചി ). തീറ്ന്നു എന്റെ ഇരുപത്തിരണ്ടു മാസക്കാരിയുടെ ലോകം.
ഞാനോര്‍ക്കാറുണ്ട്, ഈ പ്രായത്തില്, എന്റെ ലോകം എത്ര വിശാലമായിരുന്നിരിക്കണം. ആളുകളെ തട്ടിയിട്ടു നടക്കാന്‍ സ്ഥലമില്ലാതിരുന്ന തറവാട്ടു വീട്ടില്, ആന്റിമാരും അങ്കിളുമാരും, വല്യപ്പനും വല്യമ്മയും, അയല്‍വക്കംകാരും, പിന്നെ കോഴിയും , പശുവും, പട്ടിയും, പന്നിയും ഒക്കെ ഉള്പ്പെട്ടതായിരുന്നു എന്റെ ചെറുപ്പത്തിലെ ലോകം. മുറ്റവും പറമ്പും കുഴിയാനകളും, തുമ്പിയും ഒക്കെ കളിക്കൂട്ടുകാരായി ഒപ്പമുണ്ടായിരുന്ന ലോകം.
എന്റെ മകള്ക്കോ... ബുക്കിലെ പടം ചൂണ്ടി 'കൌ' എന്നു പറയാന്‍ അറിയാമല്ലോ അവള്ക്കെന്നാശ്വസിക്കാം. പൂച്ചയെ ചൂണ്ടി 'മ്യാവൂ' എന്നും പറയുമല്ലോ.. ആശ്വസിക്കാം വെറുതെ. മണ്ണപ്പം ചിരട്ടയില്‍ ചുട്ടു കളിക്കുന്നതിനു പകരം അമ്മ ചപ്പാത്തിയുണ്ടാക്കുമ്പോള്‍ അവളും തൊട്ടപ്പുറത്തു വേറൊരു പാന്‍ ഉം ചട്ടുകവും പിടിച്ചു കുക്ക് ചെയ്തു കളിക്കാറുണ്ടല്ലോ.
മുകളില്‍ പറഞ്ഞ വ്യക്തികളെ കൂടാതെ, പടത്തിലോ റ്റി വി യിലോ, ഒക്കെ കൊച്ചു കുട്ടികളെ കണ്ടാല്, ഹാന തിരിച്ചറിയും. നെറയെ ബേബികളുടെ പടമുള്ള, മാഗസിനുകളായ, 'അമേരിക്കന്‍ ബേബി', ‘ബേബി റ്റോക്'‘ ഒക്കെ അവളുടെ പ്രിയപ്പെട്ട പുസ്തകങ്ങളാണ്. എത്ര മണിക്കൂര്‍ വേണമെങ്കിലുമതൊക്കെ നോക്കിയും വായിച്ചും അവളിരുന്നു കൊള്ളും. ഡയപ്പി വയ്ക്കാത്ത ബേബിയെ നോക്കി, ഷെയിം ഷെയിം എന്നു പറഞ്ഞും.. ചിരിയ്ക്കുന്ന ബേബിയുടെ പടത്തിനൊപ്പം കൈകൊട്ടി ചിരിച്ച് ‘മമ്മാ.. ഹാപ്പി ബേബി’ എന്നും, കരയുന്ന ബേബിയുടെ പടം നോക്കി, സങ്കടത്തോടെ.. പപ്പാ.. ബേബി കയ്യിങ്' എന്നു പറയാനും അവള്ക്കു വലിയ ഇഷ്ടമാണ്.
ഈ പറഞ്ഞ ആളുകളെ ഒഴിച്ചു നിറുത്തിയാല്, പിന്നെ ബാക്കിയുള്ള എല്ലാവരും അവള്ക്കു 'അങ്കിളും‘ ‘ആന്റി‘ യുമാണ്'. റ്റി വി യില്‍ ന്യൂസ് വായിക്കുന്ന ആളും, കടയിലെ കൌണ്ടറിലെ ആളും, തൊട്ടപ്പുറത്തെ കാറില്‍ പോകുന്ന ആളും, എന്തിനു നമ്മുടെ മമ്മൂട്ടിയും മോഹന്‍ലാലും വരെ അവള്‍ക്ക് അങ്കിളാണ്. അതുപോലെ മമ്മയല്ലാത്ത എല്ലാ സ്ത്രീകളും ആന്റിയും.
കഴിഞ്ഞ ദിവസം ഞങ്ങളുടെ വെഡ്ഡിങ്ങ് സി ടി പ്ലേ ചെയ്തിട്ടു , പപ്പയേം മമ്മയേം ചൂണ്ടി കാട്ടി ഹാനയോടു ചോദിച്ചു.
'ആരാ മോളേ ഇതു' ?
പപ്പ യെ നോക്കി സംശയലേശമെന്യേ മറുപടി വന്നു .. 'പപ്പാ'..
'അപ്പോ ഇതാരാ ? ' മമ്മായെ ചൂണ്ടി ഞങ്ങള്‍ ചോദിച്ചു.
അവള്‍ കൊറെ നേരം സംശയത്തോടെ സ്ക്രീനിലേയ്ക്കു സൂക്ഷിച്ചു നോക്കി. ചെരിഞ്ഞും വളഞ്ഞും പല ആങ്കിളില്‍ നോക്കി... ഉത്തരമില്ല..മൌനം മാത്രം.
പപ്പ വീണ്ടും ചോദിക്കുന്നു. 'ആരാ ബേബി ഇതു ' ?
പിന്നെയും സൂക്ഷിച്ചു നോക്കി ഒരു പിടിയും കിട്ടാതെ ഹാന പറഞ്ഞു , 'യേതോ ഒരാന്റി'. :)
8 Comments:
ഇതൊന്നും ആലോചിച്ച് വിഷമിക്കന്ട കുട്ട്യേടത്തീ. അവര്‍ ഓരോന്നും ആസ്വദിച്ച് തന്നെയാണ്‍ വളരുന്നത്. നമ്മുടെ കുട്ടിക്കാലത്തെ പറ്റി ഒരുപാടു ഓര്‍മ്മകളും മനസ്സില്‍ കൊന്ടു നടക്കുന്ന നമുക്കല്ലേ ഇവരുടെ കാര്യം ആലോചിച്ച് നഷ്ടബോധം തോന്നുന്നത്. ടിവിയും മാഗസിനും പാര്‍ക്കീപ്പോക്കും ഷോപ്പിങ്ങിനു പോക്കും ഏറ്റവും മോഡേണായിട്ടുള്ള കളിപ്പാട്ടങ്ങളുമൊക്കെ അവരും എന്‍ജോയ് ചെയ്യുന്നുന്ടാവണം. അല്ല അങ്ങനെ നമുക്കു സമാധാനിക്കാം.
പ്രീതിയായിരുന്നു ബൂലോഗത്തില്‍ ഇത്ര സുന്ദരമായി കുട്ടികളെ കുറിച്ചെഴുതുന്ന മറ്റൊരാള്‍. ഹന്നക്കുട്ടിയുടെ വിശേഷങ്ങള്‍ അറിയുന്നതില്‍ വളരെ സന്തോഷം, ഈ ബ്ലോഗ് ഞാനിത്ര നാളും എങ്ങനെയോ മിസ്സ് ചെയ്തു.
ആദ്യമായി നാട്ടില്‍ പോയപ്പോള്‍ ആജു എന്‍റെ വെല്ലിമ്മയെ മുതല്‍ ചെറിയ കുട്ടികളെ വരെ ആന്‍റി എന്നാണു വിളിച്ചിരുന്നത്.ഒരിയ്ക്കല്‍ ഞങ്ങളുടെ തെങങ് കയറ്റക്കാരന്‍ വീട്ടില്‍ വന്നപ്പോള്‍ ആജു വേഗം അങ്കിള്‍ എന്ന് പറഞ്ഞ് മടിയില്‍ കയറിയിരുന്നു.സ്വന്തം മക്കളുപോലും പണി കഴിഞ്ഞ് ചെല്ലുമ്പോള്‍ മണക്കും എന്ന് പറഞ്ഞ് അയാളെ അടുപ്പിക്കറില്ല എന്ന് പരഞ്ഞ് അയാളുടെ കണ്ണ് നിറഞ്ഞു.
ഒന്നോര്‍ത്ത് സമാധാനിയ്ക്കാം നമുക്കു കിട്ടാത്ത് ഒരു ലോകം നെറ്റിലൂടേയും മറ്റും കുട്ടികള്‍ക്ക് കിട്ടുന്നുണ്ടല്ലോ
പെരിങ്ങോടന്റെ കമന്റുകണ്ടിട്ടാ ഇങ്ങോട്റ്റ് കയറിയത്. പറഞ്ഞതുപോലെ ഈ ബ്ലോഗെങ്ങിനെ മിസ്സ് ചെയ്തു.
കുട്ട്യേടത്തി, ഞങ്ങളും സെയിം ബോട്ടില്‍ തന്നെ.
തൊടിയില്‍ ഓടിനടന്ന്, തുമ്പിയെ പിടിച്ച് കല്ലെടുപ്പിച്ച്, പുഴയില്‍ മുങ്ങികുളിച്ച്, വാഴപൂവില്‍ നിന്നും, തെച്ചിപൂവില്‍ നിന്നും തേന്‍ കുടിച്ച്, മണ്ണുവാരികളിച്ച്, ചൊറിയും, ചിരങ്ങും വന്നിരുന്ന ബാല്യം നമുക്ക് ഇന്നും പ്രിയപെട്ടതു തന്നെ. പക്ഷെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കൂടി സാധിക്കാതിരുന്ന
ലാപ്ടോപ്പും, മൊബൈല്‍ ഫോണുമെല്ലാം വച്ചാണവരുടെ കളി. കാലം മുന്നോട്ട് പായുന്നു, ജീവിത രീതിയും.
എന്നാലും മഞ്ജിത്തിനെ കണ്ടിട്ട് ഹന്നമോള്‍ പപ്പാ എന്നു പറഞ്ഞു, അതിന്നര്‍ത്ഥം മഞ്ജിത്ത് അന്നും ഇന്നും ഒരു പോലെ തന്നെ. പക്ഷെ, കുട്ട്യേടത്തിയെ കണ്ടിട്ടു മനസ്സിലായില്ല, അതിന്നര്‍ത്ഥം, കല്യാണം കഴിഞ്ഞതില്‍ പിന്നെ കുട്ട്യേടത്തി ഒരു പാട് മാറിയിരിക്കുന്നു.....ശരിയല്ലെ?
മകള്‍ക്ക്: വായിച്ചു.
കുട്ടികളുടെ കളിയും ചിരിയും ഒപ്പം അവരുടെ സ്വഭാവങ്ങളും മനോഹരമായി പകര്‍ത്തി വച്ചിരിക്കുന്നു.
രണ്ടു രീതിയില്‍ വായിക്കപ്പെടേണ്ട ഒരു കൃതിയാണിത്.
1. എന്തു കൊണ്ട് മകള്‍ അമ്മയെ തിരിച്ചറിഞ്ഞില്ല.രൂപം കൊണ്ടു മാത്രമാണൊ?
എന്തായാലും നന്നായി.
സ്നേഹത്തോടെ
രാജു
എന്റെ മകള്‍ക്ക് നാളെ 21 മാസം തികയും. 4-5 മാസം മുന്‍പെ അവള്‍ തിരിച്ചറിയുന്ന ഒരാളുണ്ട്,അത് മമ്മൂടിയോ,മോഹന്‍ലാലോ വി.എസോ അല്ല, അദ്ദേഹമാകുന്നു അറ്റ്ലസ് രാമചന്ദ്രന്‍.അദ്ദേഹത്തെ കാണുമ്പോഴേ അവള്‍ കൂവി തുടങ്ങും അറ്റസ്,അറ്റസ്...
കാലത്തിന്റെ ഓരൊ വൈചിത്രയങ്ങളേ....
കുട്ട്യ്യേടത്തി,
കഴിഞ്ഞ കാലത്തെക്കുറിച്ചു നല്ല മനോഹരങ്ങളായ കഥകള്‍ മോള്‍ക്കു പറഞ്ഞുകൊടുക്കുക.സങ്കല്‍പ്പങ്ങളില്‍ അവള്‍ അതു അനുഭവിക്കട്ടെ.
നാട്ടില്‍ കൂട്ടു കുടുമ്പങ്ങളും വലിയ പറമ്പുകളും അപ്രത്യക്ഷമാകുന്നതോടൊപ്പം കുട്ടികളുടെ മരം കയറ്റം,കുഞ്ഞി കഞ്ഞി കളി, മണ്ണപ്പം ചുടല്‍,തോര്‍ത്തു കൊണ്ടു മീന്‍ പിടിക്കല്‍ അങ്ങിനെ അങ്ങിനെ ഒരു പാടു കാര്യങ്ങള്‍ ഇല്ലാതാവുന്നു.
കാലത്തിന്റെ ഇടവഴിയില്‍ നിന്നു അതെല്ലാം ഓര്‍ക്കാം.
മനോഹരമായി പറഞ്ഞിരിക്കുന്നു..
ഇങ്ങനെയൊക്കെ പറയാനെനിക്കൊരു കൊച്ചില്ലാതെ പോയല്ലോ..
ശ്ശോ.. അതിനു ഞാന്‍ കല്യാണവും കഴിച്ചിട്ടില്ലല്ലോ..
:-)
qw_er_ty
Post a Comment
<< Home