മകള്‍ക്ക്, മകനും

Saturday, November 04, 2006

കപ്പയും ഫിഷും പിന്നെ അടുക്കളയിലെ പണികാരിയും :)

എന്റെ മകള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്ന രീതി, എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്താറുണ്ട്. എന്തെങ്കിലുമൊരു പുതിയ കാര്യം അവള്‍ക്കു പറഞ്ഞു കൊടുക്കുമ്പോള്‍, അവളൊരിക്കലും ശ്രദ്ധിക്കാന്‍ കൂട്ടാക്കാറില്ല.

ഹാനാ.. സീ, ഗ്രീന്‍ കളര്‍ ബ്ലോക്ക്..., പപ്പാടെ ബ്ലാക് ഷറ്ട്ട്, റെഡ് ബോള്‍.. എന്നൊക്കെ കളറുകള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍, ഹാന അതൊന്നും ഒബ്സേര്‍വ് ചെയ്യുകയോ ചെവി തരിക പോലുമോ ഇല്ല. 'ഒന്നു പോ മമ്മാ... മമ്മായ്ക്കു വേറെ പണിയൊന്നുമില്ലേ.. ഇതൊക്കെ പഠിച്ചിട്ടു നാളെ എനിക്കെന്താ പരീക്ഷയാ ?' എന്നുള്ള ഗമയില്‍ അവളവളുടെ വഴിക്കു പോകും.

'എല്‍മോയുടെ ബ്ലാങ്കറ്റ് ആ ബാഡ് അങ്കിള്‍ കട്ടോണ്ടു പോയി ഹാനാ..., നോക്ക് , ബേണീടെ ക്രിസ്റ്റ്മസ് ട്രീ'... എന്നൊക്കെ പറയുമ്പോളും ഹാന, അതൊന്നും ഏറ്റു പറയാന്‍ കൂട്ടാക്കില്ല. നിന്നെയൊക്കെ പഠിപ്പിക്കണ സമയം കൊണ്ടു വേറെ വല്ല പ്രയോജനമുള്ള കാര്യം ചെയ്യട്ടെടീ ബുദ്ദൂസേ.. എന്നു പറഞ്ഞു ഞാനും പോകും.

പിറ്റേന്നു ട്രാഫിക് സിഗ്നലില്‍ നിറുത്തുമ്പോള്‍ .. 'റെഡ് ലൈറ്റ്'' എന്നു ഹാന വിളിച്ചു കൂവുമ്പോള്‍... 'അമ്പടീ കള്ളീ... അപ്പോ മമ്മ പറഞ്ഞതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നല്ലേ' എന്ന് ഞാന്‍ അല്‍ഭുതപ്പെടുക. രാത്രി ഉറങ്ങാന്‍ നേരം, അവള്‍ 'ബ്ലാങ്കറ്റ്'' തപ്പുകയും, വാള്‍മാര്‍ട്ടില്‍ ക്രിസ്മസ് ട്രീ കാണുമ്പോള്‍, ബേണീടെ ക്രിസ്മസ് ട്രീ എന്നു വിളിച്ചു പറയുകയും ചെയ്യും. ഒന്നും ശ്രദ്ധിക്കുന്നില്ലെന്നു ഭാവിക്കുമ്പോഴും, അവള്‍ ഒക്കെ കാണുന്നു, കേള്‍ക്കുന്നു, മനസ്സില്‍ കുറിച്ചിടുന്നു.


ഹാന ഒറ്റയ്ക്കിരുന്ന് എന്തെങ്കിലും ചെയ്യുന്ന സമയത്ത് ആരെങ്കിലും ഹാനയുടെ അടുത്തു ചെല്ലുന്നതു ഹാനയ്ക്കിഷ്ടമല്ല. ചില നേരങ്ങളില്‍ ചില കാര്യങ്ങള്‍ അവള്‍ക്കൊറ്റയ്ക്കു തന്നെ ചെയ്യണം. ഞങ്ങള്‍ 2 പേരും ലിവിങ് റൂമിലിരിക്കുമ്പോള്‍, ഹാന ഒറ്റയ്ക് പോയിരുന്നു കീബോര്‍ടു വായിക്കും. വെര്‍തെ അവള്‍ ഒറ്റയ്ക്കു ചെയ്യുന്നതു കാണാന്‍ ഉള്ള കൊതി കൊണ്ടു, ഞങ്ങള്‍ പോയി പതുങ്ങി നില്‍ക്കും. അതു പഷേ ഹാന കണ്ടാല്‍, അപ്പോ ഞങ്ങളെ ഉന്തി തള്ളി മാറ്റി വിടും. അങ്ങനെ മമ്മായെ തള്ളുമ്പൊള്‍, അവള്‍ പറയുന്ന ഡയലോഗിതാണ്. ' മമ്മാ... അക്കളേലു പണി... പൊക്കോ' . (മമ്മായ്ക്കു അടുക്കളയില്‍ പണി ഒന്നുമില്ലേ.. പോയി പണി ചെയ്യൂ... ഇവിടെ നിക്കണ്ട എന്നര്‍ത്ഥം. ഹാനമോളുറങ്ങുമ്പൊള്‍ പാട്ടു കേട്ടുറങ്ങാന്‍, അവളുടെ ബെഡിന്റെ സൈടില്‍ വച്ചിരിക്കുന്ന സി ടി പ്ലേയര്‍ ഒറ്റയ്ക്കു പ്ലേ ചെയ്തു പാട്ടു കേട്ടിരിക്കാനും ഇഷ്ടമാണവള്‍ക്ക്. ആ സമയത്തു പപ്പ ചെന്നാലും... 'പപ്പ... കമ്പ്യൂട്ടറില്‍... പൊക്കൊ...' എന്നവള്‍ ഓടിച്ചു വിടും. മമ്മാ അടുക്കളയില്‍ പണി ചെയ്യാനുള്ള ആളും, പപ്പാ, കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കേണ്ട ആളുമാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മമ്മാ, കൂടുതലുറങ്ങിയാല്‍, ആദ്യമുണരുന്ന ഹാന, മമ്മായെ വിളിക്കുന്നതു, 'മമ്മാ...അക്കളേലു പണി... സ്ലീപ്പിങ്.??. " (അടുക്കളയില്‍ മമ്മായ്ക്കു പണി ഒന്നുമില്ലേ ? ഇനിയും ഇങ്ങനെ ഉറങ്ങുവാ " ? )


രാത്രി എട്ടു മണിയോടെ അത്താഴം കഴിഞ്ഞ്, അടുക്കള വൃത്തിയാക്കിയൊക്കെ കഴിഞ്ഞാല്‍, എട്ടേ മുക്കാലോടെ ഒരു പത്തു മിനിറ്റ് പ്രാര്‍ത്ഥിക്കും ഞങ്ങള്‍. അതു കഴിഞ്ഞാല്‍, ഹാനയുറ്റെ സ്ലീപ് റ്റൈമാണെന്നു ഹാനയ്ക്കറിയാം. പ്രാര്‍ത്ഥന കഴിഞ്ഞാലുടന്‍, ഈശോയ്ക്കും , മമ്മായ്ക്കും, പപ്പായ്ക്കുംമക്കെ ഗുട് നൈറ്റ് പറഞ്ഞ് ഹാന ഉറങ്ങാന്‍ പോകും. നടുവൊന്നു നിവര്‍ത്താന്‍, അപ്പോളും കൌച്ചിലിരിക്കുന്ന മമ്മായെ നോക്കി..., 'മമ്മാ... അക്കളേലു പണി... മതി... പണിയെല്ലാം ശെയ്യ്" ......‘. (മമ്മാ.. ഇങ്ങനെയിരിക്കാതെ പോയി അടുക്കളയിലെ പണി ചെയ്യൂ...ഇരുന്നതു മതി ). ഓക്കെ മോളേ.. മമ്മാ, ഇപ്പൊ പൊക്കൊളാം എന്നു പറഞ്ഞാലും ഹാനയ്ക്കു തൃപ്തിയാവില്ല. ഞാനെഴുന്നേറ്റ്, അടുക്കള വശത്തേയ്ക്കു നടക്കുന്നതു കണ്ടാല്‍ മാത്രമേ, ഹാന ഉറങ്ങാന്‍ പോകൂ...

പഴയ പോലെ എല്ലാവറ്ക്കും വാരിക്കോരി ഉമ്മ കൊടുക്കുന്ന പരിപാടി ഹാന നിറുത്തി വച്ചിരിക്കുവാണിപ്പോള്‍. ഒരുമ്മ ചോദിച്ചാല്‍ പോലും, അവളുടെ സമയോം മൂടുമൊക്കെ വച്ച് കിട്ടിയാല്‍ മാത്രം കിട്ടീന്നു പറയാം. വൈകിട്ടു മമ്മാ, ഓഫീസില്‍ നിന്നു വരുമ്പോഴുള്ള കെട്ടിപിടിച്ചുമ്മയൊന്നും ഇപ്പോഴില്ല. പക്ഷെ, ഒരു പത്തു മിനിറ്റിനകം, എപ്പോഴെങ്കിലും മമ്മായെ സ്നേഹിക്കാന്‍ വരും.. അപ്പോള്‍, വന്നു മടിയില്‍ ക്കേറി ഇരുന്നു, കെട്ടിപ്പിടിച്ചുമ്മ തരികയും... 'ഇഷ്റ്റാ... മമ്മായെ ഇഷ്റ്റാ.... ഹാനാ ലവ്യൂ. മമ്മാ' എന്നെല്ലാം പറയുകയും ചെയ്യും.....എപ്പോളുമ്മ തന്നാലും കൂടെ ഈ 'ഇഷ്റ്റാ ഡയലോഗും ഉണ്ടാവും. ഒരാള്‍ക്കുമ്മ തന്നാലുടനെ ആ പരിസരത്തെങ്ങാന്‍ മറ്റെയാളുണ്ടെങ്കില്‍ , വിളിച്ചടുത്തു വരുത്തിയോ, അങ്ങോട്ടു ചെന്നോ, അവര്‍ക്കുള്ള ഉമ്മയുംമപ്പോ തന്നെ കൊടുക്കും ഹാന.

കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്നെത്തി, വൈകിട്ടു കപ്പയും മീനുമാവട്ടെയെന്നോര്‍ത്തു, ഫ്രീസറില്‍ നിന്നു മീനും കപ്പയുമെടുത്തു തണുപ്പു മാറാന്‍ പുറത്തു വച്ചു കഴിഞ്ഞപ്പോഴാണ് പച്ചമുളകും ഇഞ്ചിയുമില്ലെന്നു കണ്ടത്. ഹാനയുടെ സോയിമില്‍ക്കും തീരാറായിരിക്കുന്നു. പപ്പ റെടിയാവാന്‍ തുടങ്ങിയതും ആസ് യൂഷ്വല്‍ ഹാനയ്ക്കും പോണം. ‘കുട്ടന്‍ ഷോപ്പിങ്ങ്’.... കുട്ടന്‍ നൈസ് ഡ്രസ്സ്’ എന്നെല്ലാം പറഞ്ഞു പാന്റു വലിച്ചൂരി കഴിഞ്ഞു ഹാന. ഫ്രീസിങ്ങിനെക്കാള്‍ ഒന്നോ രണ്ടോ ഡിഗ്രി കൂടുതലേയുള്ളൂ. അത്രയ്ക്കും തണുപ്പാണ്. ഹാനയെ ജായ്ക്കറ്റും, ചെവിയൊക്കെ കവറു ചെയ്യുന്ന തൊപ്പിയും, ഗ്ലൊസുമെല്ലാമിടീച്ചു വിട്ടു.

പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നു കടയിലേയ്ക്കു നടക്കുന്നതിനിടയില്‍ ഹാനയ്ക്കു പെട്ടെന്നു പപ്പായോടു സ്നേഹം വന്നു. കെട്ടിപ്പിടിച്ചുമ്മയും ഇഷ്ടാ, ഐ ലവ്യൂ പപ്പാ... ഡയലോഗും കഴിഞ്ഞു വേഗം മമ്മായെ നോക്കി, മമ്മായ്ക്കുള്ള ക്വോട്ട കൊടുക്കാന്‍. അപ്പൊളാ മമ്മ വീട്ടിലാണല്ലോന്നോര്‍ത്തതു. വേഗം പപ്പായോടു പറയുന്നു.

‘മമ്മാ.. ഹോമിലാ.. അക്കളേലു പണി.. കപ്പ..ഫിഷിയാ കഴിക്കാനാ... ‘ . പപ്പായ്ക്കൊന്നും മനസ്സിലായില്ല.. ഹാനയെന്താ ഇപ്പോള്‍ ഫിഷിന്റെയും കപ്പയുടെയും കാര്യം പറയുന്നതെന്നല്‍ഭുതപ്പെട്ടു. (ഡിന്നറിനു കപ്പയുണ്ടാക്കാന്‍ തീരുമാനിച്ചതു പപ്പയറിഞ്ഞിരുന്നില്ലല്ലോ )

തിരിച്ചു വീട്ടിലെത്തി കപ്പയും മീങ്കറിയും കണ്ടപ്പോഴല്ലെ പപ്പയ്ക്കു ഗുട്ടന്‍സു പിടി കിട്ടിയത് ? എന്നാലും, ഹാന പോകാനിറ്ങ്ങുന്നതു വരെ, ഞാന്‍ കപ്പയുടേയും ഫിഷിന്റെയുമൊന്നും കവറു പൊട്ടിക്ക പോലും ചെയ്തിരുന്നില്ല. പായ്ക്കറ്റിനുള്ളില്‍ കണ്ടപ്പോ തന്നെ എന്റെ കുറുമ്പിക്കു മനസ്സിലായി, അതു കപ്പയും ഫിഷുമാണെന്നും, മമ്മാ ഡിന്നറിനതാണുണ്ടാക്കാന്‍ പോകുന്നതെന്നും :)

11 Comments:

At Tuesday, November 07, 2006 3:07:00 AM, Blogger മിടുക്കന്‍ said...

ഹെന്ന മോളെ...,
പിന്നെ എന്നാ പറയുന്നു..??
ഈ അങ്കിളിനൊരുമ്മ തരുമോ..??

കുട്ടി ചേച്ചി,
വളര്‍ന്ന് വരുന്ന ഒരു കുട്ടിയുടെ കുസ്രുതികളെക്കാള്‍ വളര്‍ന്നു വരുന്ന ഒരു അമ്മയുടെ ആകംഷകള്‍ രസകരമായിരിക്കുന്നു..

അമ്മയ്ക്കും മോള്‍ക്കും.. ആശംസകള്‍..

 
At Tuesday, November 07, 2006 4:29:00 AM, Blogger രാജ് said...

മിസ് ഹേര്‍ :(

qw_er_ty

 
At Tuesday, November 07, 2006 3:40:00 PM, Blogger Kuttyedathi said...

മിടുക്കന്‍സേ... വളര്‍ന്നു വരുന്ന അമ്മ!! ശരിയാണത്. ബ്ലോഗിലാരോ കഴിഞ്ഞ ദിവസം പറഞ്ഞതു പോലെ , കുഞുങ്ങളോടൊപ്പം മാതാപിതാക്കള്‍ ജനിക്കുന്നു. അങ്ങനെ നോക്കിയാല്‍, ഞാന്‍ വെറും ഇരുപത്തിരണ്ടു മാസം മാത്രം പ്രായമുള്ള ഒരമ്മയാണല്ലോ.. ഒക്കെ ഇങ്ങനെ പതുക്കെ പഠിച്ചു വരുന്നു. ... എന്തെല്ലാം പുതിയ കാര്യങ്ങളാണോരോ ദിവസവും അവളെന്നെ പഠിപ്പിക്കുന്നതെന്നോ ?..

പെരിങ്സ്... ഐ റ്റൂ മിസ് ഹെര്‍.. ഓഫീസിലായിരിക്കുന്ന മണിക്കൂറുകളില്‍ :(

 
At Friday, November 10, 2006 4:42:00 PM, Blogger reshma said...

മിടുക്കന്‍ പറഞ്ഞത് ഒന്ന് ഒടിച്ചാ എനിക്ക് പറയാനുള്ളതായി- വളര്‍ന്ന് വരുന്ന ഒരു കുട്ടിയുടെ കുസ്രുതിയും, വളര്‍ന്നു വരുന്ന ഒരു അമ്മയുടെ ആകാംഷകളും രസകരമായിരിക്കുന്നു.
(പ്രലോഭനങ്ങള്‍ , പ്രലോഭനങ്ങള്‍:D)

നമ്മടെ എല്‍.ജി എവിടെ കുട്ട്യേട്ത്തീ? ‘നാലുകെട്ടും’‘ഇഞ്ചിമാങ്ങായും’ എടുത്ത് ഒളിച്ച് കളിക്കാ?
മിസ്സിങ്ങ് മിസ്സിങ്ങ്.

 
At Friday, November 10, 2006 5:01:00 PM, Blogger ബിന്ദു said...

രേഷ്മ പറഞ്ഞതു സത്യം,പ്രലോഭനം പ്രലോഭനം.;) ഒരു ദിവസം നോക്കിക്കൊ, കപ്പയും മീനും റെഡി മമ്മാ എന്നു പറഞ്ഞ് എടുത്ത് മുന്നില്‍ വച്ചു തരും ഹാന.:)

 
At Tuesday, November 14, 2006 7:34:00 AM, Blogger മിടുക്കന്‍ said...

അപ്പളെ,
ഹന്ന മൊള്‍ടെ കഴിഞ്ഞ ആഴ്‌ച്ചേലെ വിശേഷങ്ങള്‍..
പറഞ്ഞില്ലല്ലൊ..!

പ്ലീസ്.. എഴുതൂന്നേ..

 
At Wednesday, November 29, 2006 2:39:00 PM, Blogger Siji vyloppilly said...

ഹന്ന മോളുടെ വിശേഷങ്ങളെല്ലാം ഒറ്റയിരുപ്പിനാണു വായിച്ചുതീര്‍ത്തത്‌.ശരിയാണ്‌ കുട്ടികളോടൊപ്പം നമ്മളും വളരുകയാണ്‌.ചിലപ്പോള്‍ തോന്നും നമ്മുടെ കുട്ടികള്‍ വളരേണ്ടെന്ന്.ചിലപ്പോള്‍ എനിക്കു തോന്നും രണ്ടുമൊന്ന് വലുതായിക്കിട്ടി സ്വന്തം കാര്യങ്ങള്‍ ചെയ്യാറായെങ്കിലെന്ന്..എനിക്ക്‌ 2 ആണ്‍കുട്ടികളാണ്‌ ഒരാള്‍ക്ക്‌ 1 വയസ്സും മൂത്തവന്‌ രണ്ടരയും.(ഗോപുവും,അപ്പുവും).കുട്ടികളുടെ ഈ കാലം ഏറ്റവും രസമുള്ളതാണ്‌.എങ്കിലും പണികള്‍ മൂലം ചിലപ്പോള്‍ എനിക്ക്‌ ശരിയായി ആസ്വദിക്കാന്‍ പറ്റാറില്ലെന്നു തോന്നാറുണ്ട്‌.

 
At Wednesday, November 29, 2006 11:04:00 PM, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

എന്നാ അവളെ ഞാനൊന്ന് നേരില്‍ കാണുന്നേ.
കാണാന്‍ കൊതിയാവുന്നല്ലോ ഏടത്തീ. :(

- യേതോ ഒരങ്കിള്‍ :(

 
At Thursday, November 30, 2006 12:06:00 AM, Blogger മുസാഫിര്‍ said...

കുട്ടിയേടത്തി,

അവിടെ വന്നു ഹന്ന മോളുടെ കൊഞ്ചലുകള്‍ കേട്ട പോലെ തൊന്നി , പോസ്റ്റ് വായിച്ചപ്പോള്‍.

 
At Thursday, November 30, 2006 1:49:00 PM, Blogger Kuttyedathi said...

സിജി, ഇവിടെയും അങ്ങനെ തന്നെ.. ഹാന എത്ര വളര്‍ന്നു എന്നല്‍ഭുതത്തോടെ നോക്കി, നില്‍ക്കുംബോള്‍, ഞാനറിയാതെ എന്തിനോ കണ്ണു നിറയാറുണ്ട്. ഇന്നലെയായിരുന്നില്ലെ അവളെന്റെ കയ്യില്‍ പൊടിക്കുട്ടിയായിട്ടു... ഇന്നിപ്പോ എന്താ ഗമ..? ഗോപുവിന്റെയും അപ്പുവിന്റെയും വിശേഷങ്ങളും എഴുതൂ.

സാക്ഷി, നാട്ടില്‍ പോകുമ്പോള്‍ ദുബായ് വഴി വരാം ട്ടോ. അപ്പോ കാണാല്ലോ അവളെ.

മുസാഫിര്‍, :)

രേഷ്മാ, ബിന്ദൂ, വെര്‍തെ പ്രലോഭനം പ്രലോഭനം എന്നു പറയാതെ , ഒനിഡാ ക്കാരു പറയുന്ന പോലെ ‘സ്വന്തമാക്കി അഭിമാനിക്കൂ‘ :)

ഓഫ് : ഉറക്കം വരണൂ. രണ്ടു കമന്റിട്ടാലെങ്കിലും ...

 
At Thursday, November 30, 2006 3:05:00 PM, Blogger reshma said...

"ഉമ്മാ‍ാ, ഈ കുട്ട്യേടത്തിയെന്നെ വഴിതെറ്റിക്കാന്‍ നോക്കുന്നു” :D

qw_er_ty

 

Post a Comment

<< Home