മകള്‍ക്ക്, മകനും

Tuesday, November 28, 2006

ഹാനയുടെ മണി പേഴ്സൂം ഷോപ്പിങ്ങും

ഹാന ഇന്നലെ ആദ്യമായൊരു ബര്‍ത്ത്ഡേ പാര്‍ട്ടി കൂടി. ഹാനയുടെ ഒന്നാം പിറന്നാള്‍, പപ്പയും മമ്മയും ഹാനയും മാത്രമായി കേയ്ക്കു മുറിച്ചാഘോഷിച്ചതു ഹാനയ്ക്കോര്‍മയുണ്ടാവില്ലല്ലോ (വിളിയ്ക്കാന്‍ ഞങ്ങള്‍ക്കിവിടെയാരെങ്കിലുമുണ്ടായിട്ടു വേണ്ടേ :) . അപ്പോള്‍ ഹാനയ്ക്കോര്‍മ്മയുള്ള ആദ്യത്തെ ബര്‍ത്ത്ഡേ ഇതു തന്നെ.

തലയിലു കോണ്‍ ഷേയ്പ്പിലുള്ള ബര്‍ത്ത്ഡേ ക്യാപ്പൊക്കെ വച്ചു , മൂന്നും നാലും ബലൂണ്‍ കഷ്ടപ്പെട്ടു കൈക്കുള്ളിലാക്കി, എല്ലാമോടിയോടി നടന്നു കണ്ട്, ഹാന ആകെ സന്തോഷത്തിലായിരുന്നു. 'ഹാപ്പി ബര്‍ത്ത്ഡേ റ്റൂ യൂ' പാടുന്നതും, പിന്നെ തിരി ഊതി കെടുത്തുന്നതും, എല്ലാവരും കയ്യടിക്കുന്നതുമൊക്കെ ഹാന സസൂക്ഷ്മം നോക്കി കണ്ടു.

തിരിച്ചു വീട്ടില്‍ വന്നപ്പോ മുതല്‍, ഹാനയുടെ നാവില്‍ 'ആപ്പി ബര്‍ത്ത്ഡേ റ്റൂ യൂ ' ആണ്. അത്രേം പാടിയിട്ടു ഹാന.. 'ഫൂ... ഫൂ.. ഫൂ ' എന്നു ഊതും. അപ്പോളേയ്ക്കും പപ്പയും മമ്മയും കയ്യടിക്കണം. ഇല്ലെങ്കില്‍ ഹാന, '...മപ്പാ.... പമ്മാ.. ക്ലാപ് ക്ലാപ് ' (പപ്പയേം മമ്മയേം കൂടി ഒരുമിച്ചു വിളിക്കേണ്ടി വരുന്ന സിറ്റുവേഷന്‍സില്‍, ആരെ ആദ്യം വിളിക്കണം, എന്നു കണ്‍ഫ്യൂസ്ടായിരിക്കുന്ന നേരത്തു, രണ്ടു പേരെയും കൂടി ഒരുമിച്ചു വിളിക്കാനുള്ള തെരക്കില്‍, ഹാന വിളിക്കുന്ന വിളിയാണു, പമ്മായും മപ്പാ യും :) എന്നു പറഞ്ഞു കയ്യടിപ്പിക്കും.


****************************

പപ്പയോ മമ്മയോ റെടിയായി പുറത്തേയ്ക്കു പോകാനിറങ്ങുമ്പോ‍ള്‍, ഹാന പിടിച്ചു നിറുത്തി, ഒരു നീണ്ട ലിസ്റ്റാണു പറഞ്ഞു വിടുക. അണിയന്‍, റ്റൊമേറ്റോ, പൊട്ടറ്റോ, ഗാര്‍ലിക്, ജിന്‍‌ചര്‍, മില്‍ക്, എഗ്ഗ്, ചിക്കന്‍..... ലിസ്റ്റ് അങ്ങനെ നീണ്ടു പോകും. എല്ലാം മേടിച്ചിട്ടു വരണം ഷോപ്പിങ്ങ് കഴിഞ്ഞു വരുംബോള്‍, എന്നര്‍ത്ഥം. ഇതായിരുന്നു ഇതുവരെയുള്ള പതിവ്‌.

എഗ്ഗ് ഹാനയുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. വിന്ററായതു കൊണ്ട്, മുട്ട കൊടുക്കാന്‍ അത്ര താല്‍പ്പര്യമില്ല ഞങ്ങള്‍ക്കു. എന്നാലും ഫ്രിഡ്ജ് തുറന്നു മുട്ട കണ്ടാല്‍ പിന്നെ അതു വേണമെന്നു പറഞ്ഞു ഹാന ബഹളം വയ്ക്കും. മുട്ട പുഴുങ്ങാന്‍ വയ്ക്കുന്ന പാത്രമേതെന്നു ഹാനയ്ക്കു കൃത്യമായറിയാം. അതുമെടുത്തു കയ്യില്‍ പിടിച്ചാവും, വാട്ടര്‍, എഗ്ഗ് , ബോയില്‍ എന്നൊക്കെ പറഞ്ഞുള്ള കരച്ചില്‍:)

കഴിഞ്ഞ ദിവസം ഇങ്ങനെ ബഹളം വച്ചപ്പോള്‍, 'അയ്യോ... എഗ്ഗ് ഇല്ല ഹാനാ, എഗ്ഗ് തീര്‍ന്നു. ഇനി ഷോപ്പിങ്ങിനു പോകുമ്പൊള്‍ നമുക്കു മേടിച്ചു കൊണ്ടു വരാംട്ടോ" എന്നു പറഞ്ഞു പറ്റിയ്ക്കാനൊരു ശ്രമം നടത്തി ഞാന്‍. പതിവിനു വിപരീതമായി, വലിയ പരിഭവമില്ലാതെ , വീണ്ടും വാശി പിടിയ്ക്കാതെ, ഞാന്‍ പറഞ്ഞതു വിശ്വസിച്ച മട്ടില്‍, ഹാന ലിവിങ്ങ് റൂമിലേയ്ക്കു പോകുന്നതും കണ്ടു.

രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍, ആരോ കതകിന്റെ ഹാന്‍‌ഡിലില്‍ പിടിച്ചു തിരിച്ചു, തുറക്കാന്‍ ശ്രമിക്കുന്നതു പോലെ, ശബ്ദം കേട്ടു ഞാന്‍ നോക്കുമ്പോള്‍, ഹാന വല്യ കൊച്ചമ്മ സ്റ്റയിലില്‍ അവളുടെ പഴ്സൊക്കെയെടുത്തു, കക്ഷത്തില്‍ വച്ച്, ( ഞങ്ങളുടെ പേഴ്സും കാര്‍ടും വലിച്ചു പുറത്തിട്ടുള്ള കളി നിറുത്താന്‍ വേണ്ടി, ഒന്നു രണ്ടു പഴയ കാര്‍ടും, അഞ്ചാറു സെന്റും ഒക്കെയിട്ടൊരു പേഴ്സ് ഹാനയ്ക്കു കൊടുത്തിട്ടുണ്ട്. ) വാതില്‍ക്കല്‍ പോയി തുറക്കാന്‍ ശ്രമിച്ചു കൊണ്ടു പറയുവാ., "

മമ്മാ... കുട്ടന്‍ ഷോപ്പിങ്ങ് പോവാ. എഗ്ഗ് തീര്‍ന്നു. ജ്യൂസ്, അണിയന്‍, റ്റൊമേറ്റോ, കേര്‍ഡ്, യോഗര്‍ട്ട്, ആപ്പിള്‍ എല്ലാം മെച്ചോണ്ടു വരാം. " .... !! എന്റീശ്വരാ... എന്താ ആ പറച്ചിലിന്റെ ഒരു ഗമ. എന്താ ഉത്തരവാദിത്വ ബോധം!! ചിരിച്ചു മറിഞ്ഞു ഞങ്ങള്‍ രണ്ടുപേരും.

4 Comments:

At Wednesday, November 29, 2006 11:18:00 PM, Blogger Mrs. K said...

മുട്ട ഇഷ്ടമുള്ള ഒരാള്‍ ഇവിടെയുമുണ്ട്. അതുപോലെ തന്നെ, മുട്ട വേവിക്കുന്ന പാത്രം എടുത്ത് എന്റെ കൈയില്‍ തന്നിട്ട് പറയും, മുട്ട വേവിച്ചു കൊടുക്കാന്‍‌. ഹാനയുടെ കുസൃതികളും കൂടി വായിക്കുമ്പോള്‍ തോന്നുന്നു നമ്മളൊക്കെ എത്ര ഭാഗ്യമുള്ളവരാണെന്ന്, ഇതൊക്കെ കാണാനും കേള്‍ക്കാനും അനുഭവിക്കാനും...അല്ലേ? മനസ്സു നിറയുന്നു.

qw_er_ty

 
At Friday, December 01, 2006 5:51:00 AM, Blogger Siju | സിജു said...

ഹന മോള്‍ ഇത്രയധികം ഉത്തരവാദിത്തങ്ങളേറ്റെടുക്കുമ്പോ പപ്പയും മമ്മയും കൂടി ചിരിക്കുകയാണോ..
ഷേം ഷേം
ഹനമോളുടെ പിറന്നാളിനു വിളിച്ചിരുന്നെങ്കില്‍ ഞങ്ങളെല്ലാം വരില്ലാരുന്നോ.. വിളിക്കാഞ്ഞിട്ടല്ലേ
സാരമില്ല, രണ്ടാം പിറന്നാള്‍ നമുക്ക് കാര്യമായിട്ടാഘോഷിക്കാം

 
At Friday, December 01, 2006 8:58:00 AM, Blogger reshma said...

എനിക്ക് വയ്യ!
അന്ന് മൂന്നു ഭാവങ്ങള്‍ കാണിച്ചപ്പോഴേ തോന്നിയതാ ഇവള്‍ ആള്‍ ചില്ലറയല്ലാന്ന്.

കുട്ട്യേട്ത്തി ചിന്നൂന്റെ ബ്ലോഗ് കണ്ടിട്ടുണ്ടാവല്ലോ?(chinmaykrishna.blogspot.com)ബൂലോകത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ബ്ലോഗുകളായി ഇപ്പോ ഇതു രണ്ടും:)
ഒരു ഹാന ഫാന്‍.

 
At Wednesday, December 06, 2006 12:13:00 AM, Blogger Slooby Jose said...

കുട്ട്യേടത്തീ


ഈ പോസ്റ്റുകള്‍ കാണാഞ്ഞിട്ടല്ല. ഇപ്പോള്‍ മിക്കവാറും പോസ്റ്റുകളുടെ കഥകള്‍ ശ്രീമാന്‍ പറഞ്ഞുതരുന്നത് കേട്ടാണ് മനസ്സിലാക്കുന്നത്. ഡിസ്നിയില്‍ ‘ഹാന മോണ്ടാനാ’ കാണുമ്പോഴൊക്കെ (എന്നും കാണുന്ന പരിപാടിയാണ്, സൊലീറ്റയുടെ ഫേവറൈറ്റ് ആണ് ഹാന) കുട്ട്യേടത്തിയുടെ ഹാനയെയും ഓര്‍ക്കും.

മനസ്സില്‍ വിചാരിച്ച മാതിരി കമന്റിട്ടു വരുമ്പോഴേയ്ക്കും സമയം പിടിയ്ക്കുകയും ചെയ്യും. ഈയാഴ്ച വെക്കേഷനായതുകൊണ്ട്, പോസ്റ്റൊക്കെ തപ്പിപ്പിടിച്ചു വായിച്ചുവരുന്നു.

 

Post a Comment

<< Home