മകള്‍ക്ക്, മകനും

Thursday, December 07, 2006

ഹാനയുടെ അടുക്കള വിശേഷങ്ങള്‍

രാവിലെ ഉണര്‍ന്നാല്‍ ഹാന ആദ്യം വരിക അടുക്കളയിലേയ്ക്കാണ്. വന്നാലുടനെ സിപ്പി കപ്പില്‍ പാലോ ജ്യൂസോ വേണം. അതന്നന്നത്തെ മൂടിനനുസരിച്ചു ഹാന ഡിമാന്റു ചെയ്യും. ജ്യൂസു വേണമെന്നാണു ഡിമാന്റെങ്കില്‍, 'അയ്യേ.. രാവിലെ ജ്യൂസാണോ ഹാനാ, മമ്മാ മില്‍ക്ക് തരാ'മെന്നു പറഞ്ഞു പാലിന്റെ സിപ്പി കപ്പെങ്ങാന്‍ ഞാന്‍ കയ്യിലെടുത്താല്‍, ഹാന വയലന്റാകും :) . ഏതെടുത്താലും കുടിക്കുന്നതു പിന്നെയും വൈകിയാണ്, ബ്രഷൊക്കെ ചെയ്തു കഴിഞ്ഞു, മിക്കവാറും ബ്രേയ്ക്‍ഫാസ്റ്റിന്റെ കൂടെ. എന്നാലും ആ സിപ്പികപ്പിങ്ങനെ ഒരു ധൈര്യത്തിനു കയ്യില്‍ പിടിച്ചിരിക്കണം. മമ്മാ, ജ്യൂസെടുക്കുന്നതിനിടയില്‍, ഹാന മൊത്തത്തിലൊന്നു നിരീക്ഷിച്ച്, അന്നത്തെ ബ്രേയ്ക്‍ഫാസ്റ്റിനുള്ള ഒരുക്കങ്ങള്‍ എവിടെ വരെയായി എന്നു മനസ്സിലാക്കും. മമ്മാ ബ്രേയ്ക്‍ഫാസ്റ്റുണ്ടാക്കിയെന്നു കണ്ടാല്‍ ഹാനയ്ക്കു സങ്കടമാണ്. ചില ദിവസങ്ങളില്‍, വീണ്ടുമുണ്ടാക്കണമെന്നു വരെ വാശി പിടിച്ചു കളയും കക്ഷി. അത്രയ്ക്കിഷ്ടമാണു മമ്മാ ചെയ്യുന്നതൊക്കെ ഇങ്ങനെ നോക്കിയിരിക്കാന്‍. അതുകൊണ്ട് മിക്കവാറും ദിവസവും ഹാന ഉണര്‍ന്നു വന്നിട്ടേ ഞാനുണ്ടാക്കാറുള്ളൂ.

“ഇന്നു പുട്ട് “, അല്ലെങ്കില്‍ “ഇന്നു പാന്‍‌കേയ്ക്ക് “, അല്ലെങ്കില്‍ “ഇന്നു ദോശ“, “ഇന്നു വാഫിള്‍“ എന്നിങ്ങനെ എന്തെങ്കിലുമൊന്നു മാറി മാറി ഓരോ ദിവസവും ഹാന ഡിമാന്റു ചെയ്യും.. “അല്ലെടാ മുത്തേ, ഇന്നേ ഇട്‌ലി അല്ലേ, “ എന്നു മമ്മാ പറയുമ്പോള്‍, ഹാനയ്ക്കതത്രയ്ക്കങ്ങു പിടിയ്ക്കില്ല. ഒന്നു രണ്ടു വട്ടം കൂടി, അവള്‍ടെ ഡിമാന്റ് പറഞ്ഞു നോക്കും.

“ഇന്നു പാന്‍‌കേയ്ക്കുണ്ടാക്കാന്‍ എഗ്ഗില്ലല്ലോ ഹാന“, അല്ലെങ്കില്‍ “മില്‍ക്ക് തീര്‍ന്നു, പപ്പാ ഷോപ്പിങ്ങിനു പോകുമ്പോള്‍ മേടിക്കാം, എന്നിട്ടു ഓട്ട്സ് ഉണ്ടാക്കാം“ , എന്നൊക്കെ പറഞ്ഞു ഹാനയെ ഞാന്‍ മനസ്സില്‍ വിചാരിച്ച ബ്രേയ്ക്‍ഫാസ്റ്റ് സമ്മതിപ്പിച്ചെടുക്കല്‍ പണി തന്നെ.

ഹാനയുടെ കുക്കിങ്ങ് സെന്‍സെന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്. പാന്‍‌കേയ്ക്കിന്റെ പായ്ക്കറ്റു ഞാന്‍ കയ്യിലെടുത്താലുടനെ ഹാന ബാക്കി ഇന്‍സ്‌ട്രക്ഷന്‍സ് തന്നു തുടങ്ങും. “ ഇനി എഗ്ഗ്.... മില്‍ക്ക്...“ എന്നിങ്ങനെ. പാന്‍‌കേയ്ക്കിന്റെ പൊടിയില്‍ പാലും മുട്ടയുമിട്ടു കഴിഞ്ഞു, ഞാന്‍ ഫോര്‍ക്കു കൊണ്ടെങ്ങാന്‍ ഇളക്കിയാലപ്പോ വരും അടുത്ത നിര്‍ദ്ദേശം, ഹാന്‍ഡ് മിക്സര്‍ ഇരിക്കുന്ന ഷെല്‍ഫിലേയ്ക്കു കൈ ചൂണ്ടി ക്കൊണ്ട്, “ മിക്സര്‍..മിക്സര്‍....“ .

ഇതുപോലെ ഞാന്‍ പുട്ടിനു നനച്ചുകൊണ്ടിരിക്കുമ്പോള്‍ ഹാന പറഞ്ഞു കൊണ്ടിരിക്കും, “തേങ്ങാ... ഫ്രീസര്‍.... മൈക്രോവേവ്...“ എന്നെല്ലാം. തേങ്ങാ ഫ്രീസറില്‍ നിന്നെടുത്തു മൈക്രോവേവില്‍ വച്ച്, ഡീഫ്രോസ്റ്റ് ചെയ്തെടുത്താലേ പുട്ട് സ്റ്റവില്‍ കേറ്റാന്‍ പറ്റുള്ളൂന്നു ഹാനയ്ക്കറിയാം.

ദോശ ഒഴിച്ചാലപ്പോ വരുമിന്‍സ്‌ട്രക്ഷന്‍, “മമ്മാ..മമ്മ... കരിയും... ചട്ടകാ‍..“ .. എന്നിട്ടു “ ഹോ... മമ്മാ .. മറന്നു പോയി“ എന്നൊരു കുറ്റപ്പെടുത്തലും. (അവളോര്‍മ്മിപ്പിച്ചില്ലാരുന്നെങ്കില്‍ മമ്മാ ദോശ കോരി എടുക്കാന്‍ ചട്ടുകമെടുക്കില്ലാരുന്നൂന്നാ അവള്‍ടെ വിചാരം..:)

ഞാന്‍ എന്തെങ്കിലുമൊരു പാന്‍ സ്റ്റവില്‍ വച്ചു എണ്ണയൊഴിക്കുന്നതു കണ്ടാലപ്പോ ഹാന പറയും “കടുക്...“. എന്നിട്ടു “ശോ.... മമ്മാ മറന്നുപോയി...” .

വൈകിട്ടത്തെ കുക്കിങ്ങില്‍ ഹാന അത്രയ്ക്കിടപെടാറില്ല. പപ്പായുടെ പുറത്തു കേറി മറിഞ്ഞ്, ആന കളിക്കുന്ന തിരക്കിലാവും ആ നേരത്തു ഹാന. അതല്ലെങ്ക്ങ്കില്‍ പപ്പയും മകളും കൂടി പെയിന്റിങ്ങായിരിക്കും. മമ്മായുടെ കുക്കിങ്ങൊന്നും കാണാന്‍ സമയമില്ലാതെ, ‘ഹാന ബിസി’ യായിരിക്കുന്ന സമയം. എന്നാലും ഇടയ്ക്ക് അടുക്കളയില്‍ വന്നാല്‍, സ്റ്റവിലിരിക്കുന്ന പാത്രം നോക്കി, വൈകിട്ടത്തേയ്ക്കെന്താണെന്നു ഹാന ഒരു വിധം കൃത്യമായി പറയും. കുക്കറാണെങ്കില്‍ “കഞ്ഞി....“ (വൈകിട്ടു ഞങ്ങള്‍ ചോറുണ്ണാറില്ല, ഉച്ചയ്ക്കു കുക്കര്‍ കണ്ടാല്‍ ഹാന പറയുക, “ചോറ് “ എന്നാണ് ) , ഞാന്‍ കപ്പ ഉണ്ടാക്കുന്ന പാത്രമാണെങ്കില്‍ “കപ്പ“, ചപ്പാത്തിയ്ക്കൊ പൂരിക്കോ ഉള്ള ഒരുക്കങ്ങള്‍ കണ്ടാലതെല്ലാം കൃത്യമായി ഹാന പറയും. ചപ്പാത്തിയോ പൂരിയോ ആണെങ്കില്‍ ഒരു ‘ചപ്പാത്തി ബോള്‍‘ ഹാനയ്ക്കു വേണം. എന്നിട്ടു താഴെ തറിയിലിരുന്ന്, ഒരു ചപ്പാത്തി ക്കോലെടുത്തു അതു തനിയെ പരത്താന്‍ തുടങ്ങും. യെന്തരൊക്കെയോ കാണിച്ചതൊരു കോലമാക്കിയ്യിട്ട്, ഒരു പാനെടുത്ത് നടുക്കു വച്ച്, അതിലെടുത്തിട്ടിട്ട്, ചട്ടുകമെടുത്തു മറിച്ചും തിരിച്ചുമിടാനൊക്കെ ഒരു ശ്രമം നടത്തും. (അടുക്കളയുടെ നടുക്കു, തീ ഉണ്ടെന്നും, ചൂടാണെന്നുമൊക്കെ കക്ഷി അങ്ങു സങ്കല്‍പ്പിക്കാ..... ). ഇതിനിടയില്‍ പപ്പായെയും മമ്മായെയും വിളിച്ച്, “പപ്പാ... ചപ്പാത്തി... ചൂടാ..പൊള്ളും“ എന്നൊക്കെ നമ്മളവള്‍ക്കു വാണിങ്ങ് കൊടുക്കാറുള്ള അതേ സ്റ്റയിലില്‍ അവള്‍ നമ്മളോടു തിരിച്ചു പറയും :)

ഹാനയ്ക്കു മക്കറോണി ചീസൊക്കെ പെരുത്തിഷ്ട്മാണെന്നു കണ്ടതു കൊണ്ട്, ഞാനീയിടെ പതുക്കെ ഓരോ പാസ്റ്റ ഡിഷസൊക്കെ ഉണ്ടാക്കാന്‍ തുടങ്ങി. ഫ്രോസന്‍ മേടിക്കുംബോ, ലസാനിയായുമൊക്കെ വല്യ ഇഷ്ടത്തോടെ കഴിക്കും, ഹാന. എന്നാലിതൊക്കെ ഒന്നു പഠിച്ചേക്കാമെന്നോര്‍ത്തുണ്ടാക്കിയ ഒരു ദിവസം,

ആദ്യം വെന്ത പാസ്റ്റ മാത്രം കണ്ട ഹാനയുടെ ആദ്യത്തെ കമന്റ് ... “നൂടില്‍..... “ :) ആഹാ... ഷെയ്പ്പൊക്കെ നൂടില്‍ മാതിരിയാണല്ലോ...

എന്നിട്ടു ചീസൊക്കെയിട്ട്, ഓവനില്‍ വച്ചെടുത്തപ്പോള്‍, നല്ല മണം.. അപ്പോ ഹാന ലിവിങ്ങ് റൂമില്‍ നിന്നോടി വരുവാണ്, .... “ പീസ്സാ‍ാ‍ാ.....“ എന്നു പറഞ്ഞ്..... അംബടീ, ഇവള്‍ക്കു പട്ടിമൂക്കാണല്ലോ... എന്നു ഞാന്‍ മനസ്സിലോര്‍ത്തു.

ഡൈനിങ്ങ് റ്റേബിളിലെടുത്തു വച്ചതും, ഹാന ചാടി ചെയറില്‍ കേറിയിട്ട്, “ലസ്സാനിയാ......” :). ഹാവൂ, അപ്പൊളാ എനിക്കു സമാധാനമായത്. എന്തായാലും ആദ്യത്തെ പരീക്ഷണം കൊളമായില്ല. എന്റെ പൊടിക്കു മനസ്സിലായല്ലോ കണ്ടിട്ട് ലസാനിയാ ആണെന്ന്..... :)

എന്തായാലും കുക്കിങ്ങിലെ ഈ അമിതോത്സാഹം കാണുമ്പോള്‍, ഒന്നുറപ്പാണ്. ഒന്നുകിലിവള്‍ ഭാവിയിലൊരു ഇഞ്ചിയോ, ആര്‍പ്പിയോ അല്ലെങ്കിലറ്റ് ലീസ്റ്റൊരു രേഷ്മയെങ്കിലുമാകും.(ഇടയ്ക്കിടക്കടുക്കളയിലേക്കുള്ള വഴി മറക്കും, കക്ഷി ) :). അല്ലെങ്കില്‍, മൂന്നു നേരവും, ഫ്രോസനോ, വെന്‍ഡീസോ, സബ് വേയോ ഒക്കെ മാത്രം കഴിക്കുന്ന, “കുക്കിങ്ങ്...? മീ.... ???? നോ വേ...... ഐ ഹെയ്റ്റ് ഇറ്റ് “ എന്നു പറയാറുള്ള , പട്ടിണി കിടന്നാലുമടുക്കളയില്‍ കേറൂല്ലാന്നു വാശിയുള്ള ഒരൊന്നാന്തരം മദാമ്മ ആകും. !!! കണ്ടു തന്നെ അറിയണം.

5 Comments:

At Thursday, December 07, 2006 6:17:00 PM, Blogger reshma said...

ഈ കൊച്ചു ജൂലിയാ ചൈല്‍ഡ് ചെയ്യുന്ന ഒരോന്നിലും ഇത്രയും കൌതുകം കാണിക്കുണ്ടാവും ല്ലേ?പെയിന്റ്ങ്ങില്‍ മൂപ്പത്തി എങ്ങെനെയായിരിക്കും, വൃത്തിയോടെ വരച്ചെടുക്കാന്‍ നോക്കോ അതോ ഒരു നിറങ്ങളുടെ വിപ്ലവം തന്നെ നടത്തികളയോ?
രസായിട്ടുണ്ട് കുട്ട്യേട്ത്തി. ഹാനക്കൊരു ഓണ്‍ലൈന്‍ മെമറി ബുക്കും, വായിക്കുണോര്‍ക്കൊക്കെ ‘ലഘുചിത്തതയും’. ദേവേട്ടന്റെ നാലാള്‍ക്ക് ഉപകാരള്ള രണ്ട് പോസ്റ്റ് പോലിസി ഇവിടേം ഭംഗിയായി നടക്കുന്നുണ്ട്.

അടുക്കളയിലേക്കുള്ള വഴി -ഈ ചൂണ്ടയിലൊന്നും ഞാന്‍ കൊത്തൂല മോളേ;)

 
At Sunday, December 10, 2006 8:55:00 AM, Blogger രാജ് said...

ഈ അമ്മമാരൊക്കെ പിള്ളേരെ കുറിച്ചെഴുതുന്ന ബ്ലോഗ് പിന്മൊഴീന്ന് മാറ്റുന്നതെന്തിനാ? കണ്ണുതട്ടുമെന്നു പേടിച്ചിട്ടാണോ? കുട്ട്യേടത്തിക്കു അന്ധവിശ്വാസമുണ്ടോ?

എന്തെങ്കിലും ചെയ്യൂ, അടുത്ത തവണ പോസ്റ്റ് ചെയ്യുമ്പൊ എനിക്കൊരു മെയിലിടൂ. നന്ദി.

 
At Sunday, December 10, 2006 1:14:00 PM, Blogger ഡാലി said...

കുട്ടേടത്തേയ്, പണ്ടൊരു ദിവസം കണ്ടതിനു ശേഴം ഇന്നാണ് ഈ ബ്ലോഗ് പിന്നെ കാണണേ. കുട്ടി കുറുമ്പത്തി കാര്യസ്ഥയെ ഞാനും മിസ്സ് ചെയ്യുന്നൂലോ!
ഇവള് അഞ്ചാം വയസ്സിലേ ഗൃഹഭരണം എറ്റെടുക്കുന്ന ലക്ഷണമാണല്ലോ?

 
At Thursday, December 14, 2006 6:51:00 AM, Blogger Siju | സിജു said...

ഇതു കണ്ടത് വൈകിയാണ്
ഇനിയിപ്പോ മകന് എന്നു പറഞ്ഞു പുതിയ ബ്ലോഗ് തുടങ്ങുമോ അതോ പേരു മാറ്റി മക്കള്‍ക്ക് എന്നാക്കുമോ :-)
എന്തായാലും നിര്‍ത്തിക്കളയരുത്
qw_er_ty

 
At Wednesday, April 04, 2007 8:30:00 PM, Blogger സാജന്‍| SAJAN said...

ഇപ്പൊഴാണ് ഞാനീ ബ്ലൊഗ് കണ്ടത് അതിശയമായ് സാമ്യം ഞാന്‍ ഹാനയും എന്റെ മോള്‍ ബെനോ (benita ippo 3.5 vayssundu) യും ആയി ഞാന്‍ കണ്ടു..
അതു നല്ലതു പോലെ അവതരിപ്പിച്ചിട്ടും ഉണ്ടല്ലൊ..
പിന്നെന്താ എഴുതാതിരുന്നത്..
ഹാനയുടെ വിശേഷങ്ങള്‍ അറിയാന്‍ കൊതിയാകുന്നു
qw_er_ty

 

Post a Comment

<< Home