മകള്‍ക്ക്, മകനും

Friday, July 11, 2008

ജീസസിന്റെ വൈഫും കുരുക്കു പിടിച്ച ബന്ധങ്ങളും...

" പപ്പാ.. ആ ഏമി ബേബീടെ പപ്പാ ഏതാ ? "

" മമ്മാ..നമ്മടെ മെര്‍ളിനാന്റീടെ അങ്കിളിന്റെ പേരെന്താ " ?

"ലോറ ചേച്ചീടെ പപ്പാ മനോ അച്ചാച്ചനല്ലേ ? അപ്പോ ലോറ ചേച്ചീടെ മമ്മാ സബിയാന്റി ആണോ ?

ഹാന ഇപ്പോള്‍ ബന്ധങ്ങളുടെ കുരുക്കഴിക്കുന്ന തെരക്കിലാണ്. ഏതൊരു കുഞ്ഞിനെ കണ്ടാലും ആ കുഞ്ഞിനൊരു പപ്പയും ഒരു മമ്മയും ഉണ്ടായിരിക്കും എന്നു ഹാനയ്ക്കറിയാം. പൂളിലോ പാര്‍ക്കിലോ ഒക്കെ വച്ചേതെങ്കിലുമൊരു പുതിയ കുടുമ്പത്തെ പരിചയപ്പേടുമ്പോള്‍ ഹാനക്കു കണ്‍ഫ്യൂഷന്‍ തീരെയില്ല..... ആരും പറഞ്ഞു കൊടുക്കാതെ തന്നെ ആ ഫാമിലിയിലെ പപ്പായെയും മമ്മായെയുമൊക്കെ ഹാന്യ്ക്കു മനസ്സിലാകും.

പക്ഷേ, പ്രയര്‍ ഗ്രൂപ്പിലോ പള്ളിയിലോ ഒക്കെ പോകുമ്പോള്‍, കൊറെ കുട്ടികളും കൊറേ കാര്‍ന്നോന്മാരും.. പുരുഷന്മാരൊക്കെ മുന്‍‌വശത്തു സൊറ പറഞ്ഞിരിക്കുന്നു.. സ്ത്രീ ജനങ്ങളൊക്കെ അടുക്കളയിലും.. കളിക്കാനുള്ള ഉല്‍സാഹത്തില്‍ ഹാനയ്ക്കാരേയും പരിചയപ്പെടാനൊട്ടു നേരവുമില്ല.. ഇങ്ങനുള്ള ഒരു സെറ്റപ്പില്‍ പോയിട്ടു വരുമ്പോളാണു ഹാന ചോദ്യങ്ങള്‍ കൊണ്ടു നമ്മളെ വീര്‍പ്പുമുട്ടിക്കുക...

" മമ്മാ... ആ ജ്യോത്സ്ന അപ്പിടി ഫണ്ണാ മമ്മാ... ഹാന ക്കുട്ടീടെ കൂടെ കൊറെ കളിച്ചു... പഷേ.. പഷേ.... ആ ജ്യോത്സ്ന ബേബീടെ മമ്മേടെ പേരെന്താ? ...ശെടാ... ഞാന്‍ ആ ജ്യോത്സ്നാടെ പപ്പയെ കണ്ടേയില്ലല്ലൊ..." ഇങ്ങനെ നോണ്‍സ്റ്റോപ്പായിട്ടു പറഞ്ഞു കൊണ്ടേയിരിക്കും..

"ജ്യോത്സ്നേടെ മമ്മാ നമ്മടെ രശ്മിയാന്റിയല്ലേടാ ? ഒരു റ്റോളായിട്ടൊരാന്റി.."

"'ഓ..മമ്മേടെ കോളേജിലു പഠിച്ച മമ്മേടെ ഫ്രണ്ട്... ആ ആന്റി ആണോ ? "

"ആ... അതന്നെ... "

"അപ്പോ പഷേ മമ്മ, ആ രശ്മിയാന്റീടെ അങ്കിളേതാ ? "

ഏതൊരാന്റിക്കും ഒരങ്കിളുണ്ടാവും ന്നാര്‍ക്കാ അറിയാത്തേ ?

അത് ജോസങ്കിള്... മോളു കണ്ടില്ലേ ?

“ ങേ.....ജോസങ്കിളോ ..? അതു നമ്മുടെ റെടോലിന്റെ പപ്പ യല്ലേ ? റൂബിയോണിന്റേം പപ്പ.. ആ അങ്കിളല്ലല്ലോ ജ്യോത്സ്നേടെ... “ ഹാന കണ്‍ഫ്യൂഷസായി .

“അതല്ലെടാ.. അതു വേറെ ഒരു ജോസങ്കിള്‍... ഈ അങ്കിളിന്റെ പേരും ജോസെന്നു തന്നെയാ...പഷേ 2 പേരും വേറെ വേറെ “

അതു ഹാന്യ്ക്കു പുതിയ അറിവായിരുന്നു... ഒരേ പേരാണെങ്കിലും രണ്ടു വേറെ വേറെ ആള്‍ക്കാരാവാമെന്നു ഹാന്യ്ക്കു പിടികിട്ടി.

“റെടോലിന്റെ പപ്പേം ജോസങ്കിളാ.. ജ്യോത്സ്നേടെ പപ്പേം ജോസങ്കിളാ.. പഷേ റ്റൂ ഡിഫറന്റ് ജോസങ്കിള്‍സാ..” ഹാന മനസ്സിലാക്കിയ കാര്യങ്ങളൊക്കെ ഇങ്ങനെ തനിയെ ഇരുന്നു പിന്നെ പറഞ്ഞു നോക്കുന്നതു കാണാം.


“പപ്പാ, സുബിനങ്കിളാണോ ഹാനക്കുട്ടിക്കീ ബുക്ക് ഗിഫ്റ്റ് തന്നത് ? “

“ അതെ സുബിനങ്കിള്‍...“

“നമ്മുടെ പ്രണവിന്റെ പപ്പയല്ലേ സുബിനങ്കിള്‍ ..“ ?

ഇങ്ങനെ ബന്ധങ്ങളൊക്കെ ഒരു വിധം മനസ്സിലാക്കി വന്നപ്പൊളാ, ഒരൂസം കുട്ടികളാവാത്ത ഒരു ജസ്റ്റ് മാരീഡ് ദമ്പതികളെ കാണുന്നത്...

വീട്ടില്‍ വന്നു കമ്പ്യൂട്ടറില്‍ പിക്ചേഴ്സ് നോക്കുന്ന സമയത്താണ്, ഹാന അവരെ ശ്രദ്ധിച്ചത്.

“‘ ങേ.. ഇതാരാ പപ്പാ... ഈ അങ്കിളാരാ “ ?

“‘ അതു നമ്മുടെ ഡാനിയാന്റീടെ ഹസ്ബന്റ് “..

“ ഹസ്ബന്റോ..?? വാട്ട് യൂ മീന്‍ ബൈ ഹസ്ബന്റ് ?? ” അതെന്തൂട്ടാണെന്നു ഹാനയ്ക്കു പിടി കിട്ടിയില്ല..

“‘ അതെടാ മുത്തേ... നമ്മടെ സബിയാന്റീടെ ഹസ്ബന്റല്ലേ മനോ അച്ചാച്ച... അതു പോലെ നമ്മടെ ലിഷയാന്റീടെ ഹസ്ബന്റല്ലേ നമ്മടെ അംബി..?

“ഓ.... ജസ്റ്റ് ലൈക് സുബിനങ്കിള്‍ ഇസ് ബീനാന്റീസ് ഹസ്ബന്റ്... ജസ്റ്റ് ലൈക് സോയപ്പനങ്കിള്‍ ഈസ് അക്കനാന്റീസ് ഹസ്സ്ബന്റ്... പിന്നെ.. അപ്പച്ച ഈസ് അമ്മച്ചീസ് ഹസ്ബന്റ്.... “ പുതിയൊരു ബന്ധം പിടി കിട്ടിയതിന്റെ സന്തോഷത്തില്‍ ഹാന അറിയുന്ന മുഴുവന്‍ ഭര്‍ത്താക്കന്മാരുടെയും ലിസ്റ്റ് പറഞ്ഞു നോക്കി...

“മാഗിനാന്റി ജീജോ അങ്ക്ങ്കിളിന്റെ ഹസ്ബന്റാണോ മമ്മാ ? “

“അല്ലെടാ... മാഗിനാന്റി ജിജോ അങ്കിളിന്റെ വൈഫല്ലേ ?”

“ വൈഫോ... ? അപ്പോ പഷേ ജിജോ അങ്കിള്‍ ഹസ്ബന്റല്ലേ ? “

ഹാനക്കുട്ടി പിന്നേം കണ്‍ഫ്യൂഷസായി..


“അതേടാ... ഹാന ക്കുട്ടി മമ്മേടെ ഡോട്ടറല്ലേ ?.. പഷെ, മമ്മ ഹാനക്കുട്ടീടെ ഡോട്ടറാണോ ? അല്ലല്ലോ‍.... മമ്മ ഹാനക്കുട്ടീടെ മദറല്ലേ ? “

“ഹാരിമോന്‍ ഹാനക്കുട്ടീടെ ആരാ ?” “ മൈ ലിറ്റില്‍ ബ്രദര്‍ “..

“ഓക്കെ ..പഷേ.. ഹാനക്കുട്ടി ഹാരി മോന്റെ ബ്രദറാണോ ?....” “അല്ല..ബിഗ് സിസ്റ്റര്‍..”..

ഹാനയ്ക്കു സംഭവം ഏതാണ്ടു പിടി കിട്ടി... എന്നാലും ഇതിച്ചരെ കണ്‍ഫ്യൂസിങ്ങാണ്...

ആരെ കണ്ടാലും ഹാന അവരുടെ ബന്ധം പറഞ്ഞു നോക്കി, ശരിയായോന്നു നോക്കും...

“ ഇതു പപ്പാ എലഫന്റ്..ഇതു മമ്മാ എലഫന്റ്... മമ്മാ എലഫന്റിന്റെ ഹസ്ബന്റാ ഈ പപ്പാ എലഫന്റ്... കറക്റ്റാണോ പപ്പാ ?“

ഈ ബന്ധങ്ങ്ളെല്ലാം കൂടി ക്കുഴഞ്ഞ് മറിഞ്ഞ് മൊത്തത്തില്‍ കുരുക്കു പിടിച്ചൊരു സംഭവമാണീ ഫാമിലി എന്നു ഹാനയ്ക്കു പിടി കിട്ടിയ്യോ ആവോ ?

എന്തായാലും, യാതോരടുക്കും ചിട്ടയുമില്ലാതെ, പറഞ്ഞ പേരു തന്നെ, തന്നെയും പിന്നെയും പറഞ്ഞും..പലരേം മിസ് ചെയ്തും ..പേരു പറഞ്ഞു പ്രാര്‍ത്ഥിച്ചിരുന്ന ഹാന, ഇപ്പോള്‍ വളരെ സിസ്റ്റമാറ്റിക്കാണ്..

“ഈശോയേ... അക്കനാന്റിയേം സോയപ്പനങ്കിളിനേം, ജോ ചേട്ടായിയേം.....”

ഇതിനിടയിലെങ്ങാന്‍ ഞാന്‍ “ ലോറ ചേച്ചിയേം... “ എന്നു ക്രമം തെറ്റിച്ചു പറഞ്ഞാല് ഹാന വയലന്റാകും.

“മമ്മാ.. മാത്യൂസ് ചെട്ടായിയേം ന്നല്ലേ പറയണ്ടെ ? മനോ അച്ചാച്ച പറഞ്ഞിട്ടല്ലേ, ലോറ ചേച്ചി പറയണ്ടെ...ഈ മമ്മായ്ക്കൊന്നുമറിയില്ല......”

“മമ്മാടെ ഹസ്ബന്റല്ലേ നമ്മടെ പപ്പാ ? “

“എന്റെ പപ്പാക്കു 2 ബ്രദേഴ്സും.. 3 സിസ്റ്റേഴ്സും.....അക്കനാന്റി, മാഗിനാന്റി... സിസ്റ്ററാന്റി...“

“ ഒ..ഓ..... ന്നമ്മടെ സിസ്റ്ററാന്റീടെ ഹസ്ബന്റാരാ മമ്മാ ? “

“ സിസ്റ്ററാന്റിക്കു ഹസ്ബന്റില്ല മുത്തേ.. സിസ്റ്ററാന്റീ ജീസസിന്റെയല്ലേ... ?

“ ജീസസിന്റെ വൈഫാണോ ? “

ദൈവമേ..ഈ പെണ്ണിനെ കൊണ്ടു തോറ്റു.. കര്‍ത്താവിന്റെ മണവാട്ടിമാര്‍ എന്നല്ലേ ? “ ആ അതേടാ... “

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം....

“ നമ്മടെ ജീസസിന്റെ വൈഫാരാ പപ്പാ “ ?

“ ജീസസിനു വൈഫില്ലെടാ... “

“” ങേ...മമ്മ പറഞ്ഞല്ലോ, സീസ്റ്ററാന്റി ജീസസിന്റെ വൈഫാണെന്ന്....”

“ അതു പിന്നെ.... മോളു പോയിരുന്നിച്ചരെ നേരം വല്ലോം വായിച്ചേ... “

(ഉത്തരം മുട്ടുമ്പോ കൊഞ്ഞ്ഞനം കുത്തി എന്നോ മറ്റോ ഇല്ലേ? )


നമ്മടെ മദര്‍ മേരിയുടെ ഹസ്ബന്റാരാ മമ്മാ?.....

ഹാനയ്ക്കു സംശയങ്ങള്‍ തീരുന്നേയില്ല....