മകള്‍ക്ക്, മകനും

Wednesday, April 02, 2008

ഹാരിമോന്റെ ചെറിയ വായിലെ വലിയ വര്‍ത്തമാനങ്ങള്‍

കട്ടായി !! : ഇതാണു ഹാരിമോന്‍ ഒരൂസം ഏറ്റവും അധികം പറയുന്ന വാക്ക്.

ഫോണ്‍ വിളിച്ചു തീരുന്നതെല്ലാം കട്ടാകുന്നതാണെന്നാ കുഞ്ഞന്റെ വിചാരം. ആരെങ്കിലും ഫോണ്‍ വിളിച്ചിട്ട് വയ്ക്കുമ്പോള്‍, ' കട്ടായി ' എന്നു വല്യ സങ്കടപ്പെട്ടു പറയും ഹാരി.

കയ്യില്‍ കിട്ടുന്ന റിമോട്ടോ മൌസോ എന്നു വേണ്ട അടുക്കളയിലെ തവി പോലും എടുത്തു ചെവിയില്‍ വച്ച് "ഹലോ... ഹലോ... ഓ.. കട്ടായി.." എന്നു പറഞ്ഞൊറ്റയേറാണ്.

ഹാരിമോന് പാലു കൊടുക്കുന്ന നേരത്താണ് എന്റെ ഫോണ്‍ വിളികളൊക്കെ. (വേറെ പണിയൊന്നുമില്ലാതെ കിട്ടുന്ന നേരമതല്ലേയുള്ളൂ ?) . "എന്നാല്‍ ശരി വയ്ക്കട്ടെ " എന്നു ഞാന്‍ പറയുന്നതും, പാലുകുടി നിറുത്തി തല പൊക്കി 'കട്ടായോ ? ' എന്നു ചോദിച്ചിട്ടു, വീണ്ടും പൂച്ച കണ്ണടച്ചു പാലു കുടിക്കുന്ന മാതിരി കുടി തുടരും.

ആരെങ്കിലും ഫോണ്‍ വിളിക്കണ്ട താമസം, എങ്ങനെയെങ്കിലും കരഞ്ഞ് വിളിച്ചു ഫോണ്‍ കൈക്കലാക്കി എന്തെങ്കിലും ഒക്കെ പിടിച്ചു ഞെക്കി, കോളു കട്ടാക്കുന്ന പരിപാടി ആറാം മാസത്തില്‍ തുടങ്ങിയതാ അവന്‍. അപ്പോ ഞങ്ങളു 'ശോ.. കട്ടാക്കി..അയ്യോ കട്ടായല്ലോ " എന്നൊക്കെ പറയുന്ന കേട്ട് പഠിച്ചതാ..

കാക്ക : അയ്യോ പോയല്ലോ.., കാണുന്നില്ലല്ലോ, അതു താഴെ വീണല്ലോ എന്നൊക്കെ അര്‍ത്ഥം... കുഞ്ഞന്‍ എടുക്കാന്‍ പാടില്ലാത്ത, അല്ലെങ്കില്‍ ബേബി സെയ്ഫല്ലാത്ത എന്തെങ്കിലുമൊക്കെ എടുക്കുമ്പോള്‍, നമ്മള്‍ അതു പതുക്കെ കൈക്കലാക്കി " കാക്ക കൊണ്ടു പോയി" എന്നു പറഞ്ഞതിന്റെ ആഫ്റ്റര്‍ ഇഫക്റ്റ്. എന്തെങ്കിലും കയ്യില്‍ നിന്നു വീണു പോയാലും 'കാക്ക' എന്നു പറയും .

ചായ : കുടിക്കാനുള്ളതെല്ലാം ചായയാണു കുഞ്ഞന്. നാട്ടില്‍ പോയപ്പോള്‍ എല്ലാരും ഒരു കപ്പില്‍ ചായയും പിടിച്ചു കുടിച്ചോണ്ട് കുഞ്ഞനെ എടുത്തോണ്ടു നടക്കും. എന്നിട്ടു കുഞ്ഞന്‍ കൈ നീട്ടുമ്പോള്‍... "'ശോ ചൂട് " എന്നു പറയുവേം ചെയ്യും. അതോടെ കപ്പിലെടുത്തു കുടിക്കുന്നതൊക്കെ ചായ എന്നു പേരിട്ട് വിളിക്കാന്‍ തുടങ്ങി കുഞ്ഞന്‍. പൈപ്പില്‍ ചൂണ്ടി 'ചായ' എന്നു പറഞ്ഞാല്‍ വെള്ളം വേണമെന്നര്‍ത്ഥം. ഫ്രിഡ്ജില്‍ പിടിച്ചു വലിച്ചു പറഞ്ഞാല്‍, ജ്യൂസ്.. സിപ്പി കപ്പ് ചൂണ്ടി പറഞ്ഞാല്‍, പാലെന്നും ഒക്കെ നമ്മള്‍ മനസ്സിലാക്കിക്കൊള്ളണം.

അടി അടി കേട്ടോ... : ഇതു ഞങ്ങള്‍ വടി കൊടുത്തു മേടിച്ച അടിയാണ്‍്. എന്തെങ്കിലും കുറുമ്പു കാണിക്കുമ്പോള്‍... 'അടി.. അടി... കേട്ടോ..'. എന്നു പപ്പയും മമ്മയും ചേച്ചിയും പറയും, ഇപ്പോള് ‍കുറുമ്പു കാണിച്ചിട്ട് അവന്‍ തന്നെ പറയും.. 'അടി അടി കേറ്റോ...'

ബായ്.. ബയ് ബായ് : ജായ്കറ്റ്, കോട്ട്, ഷൂസ്, ഗ്ലൌസ്, ക്യാപ്, പോകണ്ടേ/ പോകാം ഇങ്ങനെ പുറത്തു പോകുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും വാക്ക് ആരെങ്കിലും പറഞ്ഞാല്‍ മതി, അപ്പോളേ തുടങ്ങും ഒരുത്തന്‍, 'ബായ്.. ബയ് ബായ്..'. അതിപ്പോ അവന്‍ തന്നെ പുറത്തു പോവാണോ, അതോ വേറാരെങ്കിലും പോവാണോ, എന്നതൊന്നും കക്ഷിക്കു പ്രശ്നമല്ല.


റ്റിങ്കി വിങ്കി, റ്റിപ്സി... ലാലാ.. പോ : (റ്റെലി റ്റബീസ് എന്ന കുട്ടികളുടെ ഷോയിലെ 4 കഥാപാത്രങ്ങളാണ്.


കായൂ...: മറ്റൊരു പി ബി എസ് കഥാപാത്രം. ( കായൂന്റെയോ ബാണിയുടെയോ റ്റെലിറ്റബീസിന്റെയോ ബാക് ഗ്രൌണ്ട് മ്യൂസിക് കേള്‍ക്കണ്ട താമസം, ചെയ്തു കൊണ്ടിരിക്കുന്നത്തൊക്കെ മറന്നു, ഓടി റ്റി വി ക്കു മുന്നിലെത്തും. എല്ലാത്തിന്റെയും പാട്ടില്‍ മാത്രേ പക്ഷേ താല്‍പ്പര്യമുള്ളൂ, അല്ലാതെ ചേച്ചിപ്പെണ്ണിനെ പോലെ റ്റി വി ക്കു മുന്നില്‍ കുത്തിയിരുന്നു കാണാനൊന്നും ഹാരിമോനെ കിട്ടൂല്ല. (കാണാന്‍ ക്ഷമ പോര... അത്രന്നെ)


അപ്പച്ചോ : നാട്ടില്‍ നിന്നു വന്നപ്പോള്‍ മുതല്‍ അപ്പച്ചനെ വിളിച്ചു നടപ്പു തന്നെ..


താ : എനിക്കു വെശക്കുന്ന്.. എന്തെങ്കിലും തിന്നാന്‍ തായോ..

ആപ്പ് : ആപ്പിള്‍

ഓപ്പ : ഓപ്പണ്‍

ഔസപ്പച്ചോ : ഹാരിമോനെ ഇടയ്ക്കു സ്നേഹം മൂക്കുമ്പോ ഞങ്ങള്‍ അവന്റെ മാമോദീസ പ്പേരു വിളിക്കും. അതു കേട്ടു പഠിച്ചതാ.

ലേലിക്കുട്ടി :: ചേച്ചിയെ എടി കുഞ്ഞേലിക്കുട്ടിയേ ന്നു ഞങ്ങള്‍ വിള്‍ലിക്കുന്നതു കേട്ടു പഠിച്ചതാ.

മടി : എന്നെ ഒന്നെടുത്തു മടിയിലിരുത്താനിവിടെയാരുമില്ലേ ?

മതി :: എനിക്കു മതി. ഇനിയും കുത്തി തീറ്റിച്ചാല്‍ ശുട്ടിടുവേന്‍

കുച്ചു : കുടിച്ചു എന്നറ്ത്ഥം

ത്രീ : വണ്‍ റ്റൂ എന്നു നമ്മള്‍ പറഞ്ഞാല്‍ ഹാരി മോന്‍ വേഗം 'ത്രീ' പറയും

അപ്പെബൌ ദ വേള്‍ഡ് സോ : ആരെങ്കിലും ആ റ്റ്വിങ്കിള്‍‍ റ്റ്വിങ്കിള്‍ ഒന്നു പാട്വോ ?

യെസ്സാര്‍ യെസ്സാര്‍ : ബാ ബാ ബ്ലാക് ഷീപ്പിന്റെ ബാബാ എന്നു നമ്മള്‍ പാടേണ്ട താമസം

വാ വാ..യേശു നാഥാ : വല്ലപ്പോളും അവന്‍ ഭക്തി മാര്‍ഗ്ഗത്തില്‍ പോകുമ്പോള്‍..

കാക്കേ കാക്കേ നെയ്യപ്പം : കാക്കേ കാക്കേയുടെ ഹാരീസ് സ്പെഷ്യല്‍ വേര്‍ഷന്‍

റ്റയേഡ് : ഇതു ചേച്ചി പറഞ്ഞു കേട്ടു പഠിച്ചതാ. കൌച്ചിലേയ്ക്കു പോയി കെടന്നിട്ടാവും മിക്കവാറും പറയുക. അല്ലെങ്കില്‍‍ പള്ളിയില്‍ അച്ചന്മാരു പ്രസംഗം ആവശ്യത്തിലേറെ നീട്ടുമ്പോളോ. ഞാന്‍‍ മടുത്തൂ.. എന്റെ കപ്പാസിറ്റി തീര്‍ന്നു, എനിക്കുറങ്ങണം, അല്ലെങ്കില്‍ അമ്മ പാലു തരണം എന്നര്‍ത്ഥം.

പിന്നെ സ്ഥിരം പല്ലവികളായ

പപ്പാ..

മമ്മാ..

ഹാനാ...

ഹാരി..

ഈശോ

ഏറ്റവും ഇഷ്ടപ്പെട്ട വിനോദം : പ്ലഗ് ഊരല്‍ . ചേച്ചി മതിമറന്നു പിയാനോയില്‍ 'മേരി ഹാഡ് ഏ ലിറ്റില്‍ ലാമ്പ്"' വച്ചു ഡാന്‍സ് ചെയ്യുമ്പോള്‍, ഈ രസംകൊല്ലി ചെന്നു പിയാനോയുടെ പ്ലഗ് ഊരും. ചേച്ചീടെ കയ്യീന്നു പൊതിരെ മേടിക്കുവേം ചെയ്യും .

ക്രിസ്മസ് കരോളിനു പോയപ്പോ, ഓരോ വീട്ടിലും ചെന്ന്, ക്രിസ്മസ് ട്രീയിലേക്കുള്ള പ്ലഗ് കക്ഷി ഊരും. അവസാനത്തെ വീട്ടില്‍ കരോള്‍ എത്തി, റ്റേയ്പ് റിക്കോടറില്‍ പാട്ട് ഇട്ടു, എല്ലാരും കൂടെ തകറ്ത്തു പാടുവാണ്, 'പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി .. വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണീന്‍ സമാധാന രാത്രി.." എന്നാലിപ്പോ പണി തരാം കേട്ടോ എന്നു ചെക്കന്‍ തീരുമാനിച്ചു. പതുക്കെ റ്റെയ്പ് റിക്കാഡറിന്റെ പ്ലഗൂരി.. ആഹാ... പിന്നവിടെ കേട്ട അപശബ്ദങ്ങള്‍ വിവരിക്കേണ്ടല്ലോ..

Labels: , ,

9 Comments:

At Wednesday, April 02, 2008 12:54:00 AM, Blogger raj neettiyath said...

ഭാഷ വളരുന്നുണ്ട്, ഉള്‍ക്കുളിരു തരുന്നത്ര മികവോടെ. ആഹ്ലാദം.

 
At Wednesday, April 02, 2008 1:40:00 AM, Blogger കണ്ണൂരാന്‍ - KANNURAN said...

എന്തു രസമാണല്ലെ കുട്ടികളുടെ സംസാരം കേള്‍ക്കാന്‍

 
At Wednesday, April 02, 2008 3:00:00 AM, Blogger ഗുപ്തന്‍ said...

വന്നല്ലോ അടുത്ത സൂപ്പര്‍ ഹീറോ...

അപ്ഡേറ്റ്സ് ഒത്തിരി വൈകുന്നു:(

 
At Wednesday, April 02, 2008 3:22:00 AM, Blogger Rare Rose said...

അച്ചോടാ..ഹാരിക്കുട്ടന്റെ വര്‍ത്തമാനവും,വീരകൃത്യങ്ങളും തകര്‍ക്കുവാണല്ലോ....എന്റെ തറവാട്ടിലും ഉണ്ടു ഹാരിക്കുട്ടന്റെ തനിപകര്‍പ്പു..വായിച്ചപ്പോള്‍ അതും ഓര്‍മ്മ വന്നു.:-)

 
At Wednesday, April 02, 2008 2:00:00 PM, Blogger അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കുട്ടിക്കളുടെ വര്‍ത്തമാങ്ങള്‍ കേള്‍ക്കാന്‍ നല്ല രസം തന്നെ മാഷെ

 
At Wednesday, April 02, 2008 2:08:00 PM, Blogger Siju | സിജു said...

മകളുടെ കൂടെ മകനും ആയതിനു ശേഷം ആദ്യമാണിവിടെ..
സന്തോഷം..

 
At Thursday, April 03, 2008 9:38:00 AM, Blogger മുസാഫിര്‍ said...

കൊച്ചു കൊച്ചു കൌതുകങ്ങള്‍,രസമുണ്ട് കുട്ട്യേടത്തി.

 
At Sunday, April 06, 2008 4:43:00 PM, Blogger Jayarajan said...

കാക്ക.. ഞങ്ങളും സ്ഥിരം ഉപയോഗിക്കുന്ന വാക്കാണ്‌ :) ഹാരി മോന്‌ മാമന്റെ ചക്കരയുമ്മ. ഹന്നമോള്‍ ഹാരി മോനെ അടിക്കാനും തുടങ്ങിയോ :(

 
At Wednesday, April 30, 2008 8:17:00 AM, Blogger സാക്ഷി said...

അച്ചോടാ.
ഞാനിതിന്നാ കാണുന്നേ.
അടുത്തതെവിടെ??
പോസ്റ്റ് ചെയ്തിട്ടു മാസൊന്നാവാറായി.
പുതിയതൊന്നും പഠിച്ചില്ലാന്നോ?
വേഗാവട്ടെ.

 

Post a Comment

<< Home