മകള്‍ക്ക്, മകനും

Sunday, May 10, 2009

ഊനോ, ദെസ്‌, ത്രെസ്‌

" ഊനോ , ദെസ്‌ ത്രെസ്‌ ക്വാര്‍ട്ടേ, സിങ്കോ.. " ഇതാണിപ്പോ എന്റെ രണ്ടരവയസ്സുകാരന്‍ ഒരൂസം ഏറ്റവും കൂടുതല്‍ പറയുന്നത്‌.

അവനു ഭാഷാവരം കിട്ടിയതോ, അവന്‍ ആരെയെങ്കിലും തെറി വിളിയ്ക്കുന്നതോ അല്ല. കക്ഷി സ്പാനിഷില്‍ എണ്ണുന്നതാണ്‌.

എപ്പോളുമിങ്ങനെ എണ്ണിയെണ്ണി നടക്കുന്ന പരിപാടി അവന്‍ എട്ടാം മാസത്തില്‍ തുടങ്ങിയതാണ്‌. അന്നു ഞങ്ങള്‍ ഒരു സ്റ്റെപ്പുള്ള ടൌണ്‍ഹോമിലാണു താമസം. ബെഡ്‌റൂമെല്ലാം മോളിലത്തെ നെലയില്‍. ഒരൂസം ഇരുന്നൂറു വട്ടം താഴേന്നു മോളിലേയ്ക്കും തിരിച്ചും നീന്തിക്കേറും കുഞ്ഞന്‍. ഓരോ സ്റ്റെപും കേറുമ്പോളിങ്ങനെ.. വണ്‍ റ്റൂ, ത്രീ ഫോര്‍ ഫൈവ്‌ സിക്സ്‌..ഇങ്ങനെ എണ്ണിയെണ്ണിക്കേറും.

പതിമൂന്നു സ്റ്റെപ്പുണ്ടായിരുന്നതിനാല്‍, അന്നേ പതിമൂന്നു വരെ എണ്ണാന്‍ പഠിച്ചു ചെക്കന്‍. സ്റ്റെപ്പില്ലാത്തിടത്താണെങ്കില്‍ വെര്‍തെ ആളോളെ എണ്ണും. അവന്റെ റ്റോയികള്‍ ഏണ്ണും.. പള്ളിയില്‍ ചെന്നാല്‍ അവിടുത്തെ കസേര എണ്ണും. ഇതൊന്നും കിട്ടാത്ത നേരത്ത്‌ എന്റെ കൈപിടിച്ചു കയ്യിലെ വിരലുകളെണ്ണും.

ഇവന്റെ പോക്കു കണ്ടിട്ട്‌ ഇവനൊരു രാമാനുജനോ മറ്റോ ആയേക്കുമല്ലോന്നോര്‍ത്തിരിക്കുമ്പോഴാണു കക്ഷി ഒരു സുപ്രഭാതത്തില്‍ സ്പാനിഷ്‌കാരനായത്‌.

സ്ക്കൂളില്‍ സ്പാനിഷ്‌ ഇച്ചരെയൊക്കെ പഠിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു. നമുക്കു സ്പാനിഷറിയാത്ത കൊണ്ട്‌, ആദ്യമൊക്കെ ഇവനെന്തുവാ ഈ പറയുന്നതെന്നു മനസ്സിലായില്ല. ചേച്ചിപ്പെണ്ണും കൂടെ ക്കൂടി ബാക്കി പറയുന്നതു കേട്ടപ്പോളാ, ഇതു ചെക്കന്‍ ചുമ്മാ പിച്ചും പേയും പറയുവല്ലാന്നു മനസ്സിലായേ.


ഈയിടെ സാന്‍ ഫ്രാന്‍സിസ്കോയ്ക്കെല്ലാരും കൂടി ഒരു യാത്ര പോയി. സ്വൈന്‍ ഫ്ളൂ കത്തി നിക്കണ നേരം. ആളോള്‌ മെക്സിക്കോയ്ക്കുള്ള യാത്രകളും, എന്തിനു സ്പാനിഷുകാരെ തന്നെ എന്തെങ്കിലും വഴിയുണ്ടെങ്കില്‍, ഒരു പത്തടി ദൂരെ നിറുത്തുന്ന സമയം.


"തിങ്ങ്സ്‌ റ്റു ഡൂ ഇന്‍ സാന്‍ഫ്രാന്‍സിസ്കോ" സേര്‍ച്ചിയപ്പോള്‍, ഡൌണ്‍ടൌണ്‍ കറങ്ങുന്ന ദിവസം കാറെടുക്കരുത്‌, പാര്‍ക്കിങ്ങിനു സ്ഥലം കിട്ടാതെ വലയും, പാര്‍ക്കിങ്ങ്‌ കാശു കൊടുത്തു കളസം കീറും, ലോകോത്തരമായ ഒരു പബ്ളിക്‌ ട്രാന്‍സിറ്റ്‌ ഉള്ള സ്ഥലമാണെന്നുള്ള ഉപദേശം മാനിച്ച്‌, ഞങ്ങള്‍ ബസിലും, ട്രെയിനിലും കേബിള്‍ കാറിലുമൊക്കെയായി യാത്രതുടങ്ങി.


ട്രെയിനില്‍ കേറിയതും ചെക്കന്‍ തുടങ്ങി.. ഊനോ, ദെസ്‌, ത്രെസ്‌, ക്വാര്‍ടേ, സിങ്കോ... പോരേ പൂരം. അല്ലെങ്കില്‍ തന്നെ എന്റെ കെട്ടിയോനേം മകളേം കണ്ടാല്‍ ഒരു സ്പാനിഷ്‌ ലുക്കുണ്ട്‌. എത്രയോ വട്ടം ഹോസ്പിറ്റലിലൊക്കെ പോകുമ്പോ, നേഴ്സുമാരും മറ്റും സ്പാനിഷില്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. സായിപ്പ്‌ ചുമ്മാ കേറി അങ്ങൂഹിച്ചു കളയുമെന്നേ. ഇതിപ്പോ ചെക്കന്റെ എണ്ണലു കൂടി കേട്ടതോടെ അടിപൊളി.. പിന്നെ ഞങ്ങടെ പുറത്തെ ബാക്ക്‌പാക്കും കെട്ടിയോന്റ് കഴുത്തിലെ ഗമണ്ടന്‍ ക്യാമറയുമൊക്കെ കൂടിയാകുമ്പോള്‍ (അങ്ങേര്‌ അമ്മേടെ ഗര്‍ഭപാത്രത്തില്‍ന്നേ കഴുത്തിലതുമായിട്ടാ വന്നേ. അതാണ്‌ ഒന്നാം ഭാര്യ. ഞാന്‍ ചുമ്മാ വെറും സ്റ്റെപ്പിനി..:) ചിത്രം പൂര്‍ണ്ണം. ഞങ്ങള്‍ മെക്സിക്കോയില്‍ന്ന്‌, നാടു കാണാനിറങ്ങിയ കുടുംബം തന്നെ.. സംശയല്യ.. ആളോളൊക്കെ അടക്കം പറയുന്നതും, പതുക്കെ അടുത്തുള്ള സീറ്റുകളില്‍ നിന്നെഴുന്നേറ്റു മാറി പോകുന്നതുമെനിക്കു കാണാം.

ഞാന്‍ ചെക്കന്റെ വായ സര്‍വ്വ ശക്തിയുമെടുത്തു പൊത്തിപ്പിടിച്ചു നോക്കി. കിം ഫലം. അവന്‍ പൂര്‍വാധികം ശക്തിയോടെ, കൂടുതല്‍ ഉച്ചത്തില്‍ ഊനോ ദെസ്‌ ത്രെസ്‌ ക്വാര്‍ട്ടേ പറഞ്ഞുകൊണ്ടേയിരുന്നു.


ക്രൂക്കഡ് സ്റ്റ്രീറ്റിലെ നടകളില്‍, പിയര്‍ തേര്‍ട്ടിനയനിലെ കടല്‍ ക്കുതിരകളെ കണ്ടപ്പോള്‍, അല്‍ക്കാട്രസ്‌ ദ്വീപിലേയ്ക്കുള്ള യാത്രാമധ്യേ ബോട്ടിലിരുന്നുമൊക്കെ അവനവന്റെ കലാപരിപാടി അനുസ്യൂതം തുടര്‍ന്നു.

അവന്റെ സെന്‍സസ്‌ എടുക്കലൊന്നിംഗ്ളീഷിലാക്കാനുള്ള ശ്രമത്തില്‍ ഇടയ്ക്കിടെ ഞാന്‍ "മോനേ.. വണ്‍ റ്റൂ ത്രീ ഫോര്‍ ഫൈവ്‌ .. " പറഞ്ഞു നോക്കി. ഒരു വട്ടം അവനെന്റെ കൂടെ കൂടും.. പിന്നേം തുടങ്ങും.. ഊനോ, ദെസ്‌, ത്രെസ്സ്‌, ക്വാര്‍ട്ടേ, സിങ്കോ.. "

ചെക്കന്റെ ജാതകമൊന്നെഴുതിക്കണം. ഇവന്‍ മൂലം ദ്രവ്യനാശം മാനഹാനി എന്നൊക്കെയുണ്ടോ ആവോ ?

Labels: , , , ,

5 Comments:

At Sunday, May 10, 2009 9:12:00 PM, Blogger ശ്രീ said...

ഹ ഹ. മോന്‍ കൊള്ളാമല്ലോ.

(മക്കള്‍ ഒരു ഭാഷ കൂടെ പഠിയ്ക്കട്ടേ, ചേച്ചീ...)

 
At Monday, May 11, 2009 1:43:00 AM, Blogger Rare Rose said...

ഹി..ഹി..തലക്കെട്ട് കണ്ടപ്പോള്‍ ഇതെന്താണപ്പാ സംഭവം ‍എന്നു കരുതി ഞെട്ടീ ട്ടോ... കുട്ടികള്‍ടെ ഭാഷാസ്നേഹം ഇങ്ങനൊക്കെ പറഞ്ഞു മുളയിലേ നുള്ളിക്കളയല്ലേ ട്ടോ കുട്ട്യേടത്തീ..;)

 
At Tuesday, May 12, 2009 1:19:00 AM, Blogger ജയരാജന്‍ said...

"സായിപ്പ്‌ ചുമ്മാ കേറി അങ്ങൂഹിച്ചു കളയുമെന്നേ" അത് സത്യം... ഈയടുത്ത് ഫ്ലോറിഡയിൽ പോയപ്പോൾ എല്ലാ സായിപ്പൻ‌മാരും ആദ്യം സ്പാനിഷിൽ (എന്ന് തോന്നുന്നു - ഞാൻ ഇംഗ്ലീഷ് തന്നെയാണെന്നല്ലേ വിചാരിച്ചേ, ഫ്രണ്ട്സും ‘ബബ്ബബ്ബ‘ അടിക്കുന്നത് കണ്ടപ്പോഴാ മനസ്സിലായേ ഇത് പതിവ് ഇംഗ്ലീഷ് അല്ലാ എന്ന്) ആണ് ചോദ്യം. പിന്നെ നമ്മൾ ‘യു നോ ഇംഗ്ലീഷ്’ ഒക്കെപ്പറഞ്ഞ് അവരെ സമാധാനിപ്പിച്ചു വിട്ടു.
1. അല്ലെങ്കില്‍ തന്നെ എന്റെ കെട്ടിയോനേം മകളേം കണ്ടാല്‍ ഒരു സ്പാനിഷ്‌ ലുക്കുണ്ട്‌
2. അങ്ങേര്‌ അമ്മേടെ ഗര്‍ഭപാത്രത്തില്‍ന്നേ കഴുത്തിലതുമായിട്ടാ വന്നേ.
3. ചെക്കന്റെ ജാതകമൊന്നെഴുതിക്കണം. ഇവന്‍ മൂലം ദ്രവ്യനാശം മാനഹാനി എന്നൊക്കെയുണ്ടോ ആവോ
ഹ ഹ ഹ, ഹി ഹി ഹി :)

 
At Tuesday, May 12, 2009 8:57:00 PM, Blogger Umesh::ഉമേഷ് said...

മോൻ ഡോറയെ ഒരുപാടു കാണുന്നുണ്ടു്, അല്ലേ? :)

ഇനി തയ്ക്കുവാണ്ടോ എന്നു പറയുന്ന സാധനം പഠിക്കുന്ന ആരെങ്കിലും അടുത്തുണ്ടെങ്കിൽ കൊറിയനിൽ എണ്ണാൻ തുടങ്ങും: ഇൽ, ഈ, സാം...

 
At Wednesday, June 23, 2010 1:31:00 AM, Blogger ചേച്ചിപ്പെണ്ണ് said...

avan ennikkottenne ....

 

Post a Comment

<< Home