മകള്‍ക്ക്, മകനും

Sunday, May 10, 2009

ഊനോ, ദെസ്‌, ത്രെസ്‌

" ഊനോ , ദെസ്‌ ത്രെസ്‌ ക്വാര്‍ട്ടേ, സിങ്കോ.. " ഇതാണിപ്പോ എന്റെ രണ്ടരവയസ്സുകാരന്‍ ഒരൂസം ഏറ്റവും കൂടുതല്‍ പറയുന്നത്‌.

അവനു ഭാഷാവരം കിട്ടിയതോ, അവന്‍ ആരെയെങ്കിലും തെറി വിളിയ്ക്കുന്നതോ അല്ല. കക്ഷി സ്പാനിഷില്‍ എണ്ണുന്നതാണ്‌.

എപ്പോളുമിങ്ങനെ എണ്ണിയെണ്ണി നടക്കുന്ന പരിപാടി അവന്‍ എട്ടാം മാസത്തില്‍ തുടങ്ങിയതാണ്‌. അന്നു ഞങ്ങള്‍ ഒരു സ്റ്റെപ്പുള്ള ടൌണ്‍ഹോമിലാണു താമസം. ബെഡ്‌റൂമെല്ലാം മോളിലത്തെ നെലയില്‍. ഒരൂസം ഇരുന്നൂറു വട്ടം താഴേന്നു മോളിലേയ്ക്കും തിരിച്ചും നീന്തിക്കേറും കുഞ്ഞന്‍. ഓരോ സ്റ്റെപും കേറുമ്പോളിങ്ങനെ.. വണ്‍ റ്റൂ, ത്രീ ഫോര്‍ ഫൈവ്‌ സിക്സ്‌..ഇങ്ങനെ എണ്ണിയെണ്ണിക്കേറും.

പതിമൂന്നു സ്റ്റെപ്പുണ്ടായിരുന്നതിനാല്‍, അന്നേ പതിമൂന്നു വരെ എണ്ണാന്‍ പഠിച്ചു ചെക്കന്‍. സ്റ്റെപ്പില്ലാത്തിടത്താണെങ്കില്‍ വെര്‍തെ ആളോളെ എണ്ണും. അവന്റെ റ്റോയികള്‍ ഏണ്ണും.. പള്ളിയില്‍ ചെന്നാല്‍ അവിടുത്തെ കസേര എണ്ണും. ഇതൊന്നും കിട്ടാത്ത നേരത്ത്‌ എന്റെ കൈപിടിച്ചു കയ്യിലെ വിരലുകളെണ്ണും.

ഇവന്റെ പോക്കു കണ്ടിട്ട്‌ ഇവനൊരു രാമാനുജനോ മറ്റോ ആയേക്കുമല്ലോന്നോര്‍ത്തിരിക്കുമ്പോഴാണു കക്ഷി ഒരു സുപ്രഭാതത്തില്‍ സ്പാനിഷ്‌കാരനായത്‌.

സ്ക്കൂളില്‍ സ്പാനിഷ്‌ ഇച്ചരെയൊക്കെ പഠിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു. നമുക്കു സ്പാനിഷറിയാത്ത കൊണ്ട്‌, ആദ്യമൊക്കെ ഇവനെന്തുവാ ഈ പറയുന്നതെന്നു മനസ്സിലായില്ല. ചേച്ചിപ്പെണ്ണും കൂടെ ക്കൂടി ബാക്കി പറയുന്നതു കേട്ടപ്പോളാ, ഇതു ചെക്കന്‍ ചുമ്മാ പിച്ചും പേയും പറയുവല്ലാന്നു മനസ്സിലായേ.


ഈയിടെ സാന്‍ ഫ്രാന്‍സിസ്കോയ്ക്കെല്ലാരും കൂടി ഒരു യാത്ര പോയി. സ്വൈന്‍ ഫ്ളൂ കത്തി നിക്കണ നേരം. ആളോള്‌ മെക്സിക്കോയ്ക്കുള്ള യാത്രകളും, എന്തിനു സ്പാനിഷുകാരെ തന്നെ എന്തെങ്കിലും വഴിയുണ്ടെങ്കില്‍, ഒരു പത്തടി ദൂരെ നിറുത്തുന്ന സമയം.


"തിങ്ങ്സ്‌ റ്റു ഡൂ ഇന്‍ സാന്‍ഫ്രാന്‍സിസ്കോ" സേര്‍ച്ചിയപ്പോള്‍, ഡൌണ്‍ടൌണ്‍ കറങ്ങുന്ന ദിവസം കാറെടുക്കരുത്‌, പാര്‍ക്കിങ്ങിനു സ്ഥലം കിട്ടാതെ വലയും, പാര്‍ക്കിങ്ങ്‌ കാശു കൊടുത്തു കളസം കീറും, ലോകോത്തരമായ ഒരു പബ്ളിക്‌ ട്രാന്‍സിറ്റ്‌ ഉള്ള സ്ഥലമാണെന്നുള്ള ഉപദേശം മാനിച്ച്‌, ഞങ്ങള്‍ ബസിലും, ട്രെയിനിലും കേബിള്‍ കാറിലുമൊക്കെയായി യാത്രതുടങ്ങി.


ട്രെയിനില്‍ കേറിയതും ചെക്കന്‍ തുടങ്ങി.. ഊനോ, ദെസ്‌, ത്രെസ്‌, ക്വാര്‍ടേ, സിങ്കോ... പോരേ പൂരം. അല്ലെങ്കില്‍ തന്നെ എന്റെ കെട്ടിയോനേം മകളേം കണ്ടാല്‍ ഒരു സ്പാനിഷ്‌ ലുക്കുണ്ട്‌. എത്രയോ വട്ടം ഹോസ്പിറ്റലിലൊക്കെ പോകുമ്പോ, നേഴ്സുമാരും മറ്റും സ്പാനിഷില്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. സായിപ്പ്‌ ചുമ്മാ കേറി അങ്ങൂഹിച്ചു കളയുമെന്നേ. ഇതിപ്പോ ചെക്കന്റെ എണ്ണലു കൂടി കേട്ടതോടെ അടിപൊളി.. പിന്നെ ഞങ്ങടെ പുറത്തെ ബാക്ക്‌പാക്കും കെട്ടിയോന്റ് കഴുത്തിലെ ഗമണ്ടന്‍ ക്യാമറയുമൊക്കെ കൂടിയാകുമ്പോള്‍ (അങ്ങേര്‌ അമ്മേടെ ഗര്‍ഭപാത്രത്തില്‍ന്നേ കഴുത്തിലതുമായിട്ടാ വന്നേ. അതാണ്‌ ഒന്നാം ഭാര്യ. ഞാന്‍ ചുമ്മാ വെറും സ്റ്റെപ്പിനി..:) ചിത്രം പൂര്‍ണ്ണം. ഞങ്ങള്‍ മെക്സിക്കോയില്‍ന്ന്‌, നാടു കാണാനിറങ്ങിയ കുടുംബം തന്നെ.. സംശയല്യ.. ആളോളൊക്കെ അടക്കം പറയുന്നതും, പതുക്കെ അടുത്തുള്ള സീറ്റുകളില്‍ നിന്നെഴുന്നേറ്റു മാറി പോകുന്നതുമെനിക്കു കാണാം.

ഞാന്‍ ചെക്കന്റെ വായ സര്‍വ്വ ശക്തിയുമെടുത്തു പൊത്തിപ്പിടിച്ചു നോക്കി. കിം ഫലം. അവന്‍ പൂര്‍വാധികം ശക്തിയോടെ, കൂടുതല്‍ ഉച്ചത്തില്‍ ഊനോ ദെസ്‌ ത്രെസ്‌ ക്വാര്‍ട്ടേ പറഞ്ഞുകൊണ്ടേയിരുന്നു.


ക്രൂക്കഡ് സ്റ്റ്രീറ്റിലെ നടകളില്‍, പിയര്‍ തേര്‍ട്ടിനയനിലെ കടല്‍ ക്കുതിരകളെ കണ്ടപ്പോള്‍, അല്‍ക്കാട്രസ്‌ ദ്വീപിലേയ്ക്കുള്ള യാത്രാമധ്യേ ബോട്ടിലിരുന്നുമൊക്കെ അവനവന്റെ കലാപരിപാടി അനുസ്യൂതം തുടര്‍ന്നു.

അവന്റെ സെന്‍സസ്‌ എടുക്കലൊന്നിംഗ്ളീഷിലാക്കാനുള്ള ശ്രമത്തില്‍ ഇടയ്ക്കിടെ ഞാന്‍ "മോനേ.. വണ്‍ റ്റൂ ത്രീ ഫോര്‍ ഫൈവ്‌ .. " പറഞ്ഞു നോക്കി. ഒരു വട്ടം അവനെന്റെ കൂടെ കൂടും.. പിന്നേം തുടങ്ങും.. ഊനോ, ദെസ്‌, ത്രെസ്സ്‌, ക്വാര്‍ട്ടേ, സിങ്കോ.. "

ചെക്കന്റെ ജാതകമൊന്നെഴുതിക്കണം. ഇവന്‍ മൂലം ദ്രവ്യനാശം മാനഹാനി എന്നൊക്കെയുണ്ടോ ആവോ ?

Labels: , , , ,

Thursday, April 23, 2009

മണി ഇന്‍ കോയിന്‍ ബോക്സ്

"മോമ്മി, ഡാഡി എന്തിനാ മോമ്മി, ഈ രാത്രീല്‌ ഓഫീസില്‌ പോയത്‌" ?

"ഡാഡിക്കേ ഓഫീസിലൊരു എമര്‍ജന്‍സി വന്നുതുകൊണ്ടല്ലേടാ "

"വാട്ട്‌ റ്റൈപ്‌ ഓഫ്‌ എമര്‍ജന്‍സി മോമ്മി" ?

"അതേ 'സീവേജ്‌ ബാക്കപ്പ്‌' ഇഷ്യൂ മോനേ.. എന്റെ മുത്തു സ്മോള്‍ബേബി അല്ലേ, അതൊന്നും മനസ്സിലാവൂല്ലാ ട്ടോ ".

" ഞാന്‍ സ്മോള്‍ ബേബി അല്ലല്ലോ.. ഞാന്‍ 4 ഇയേഴ്സല്ലേ ? ഹാരി മോനല്ലേ സ്മോള്‍ ബേബി ? "

" അതേയ്‌.. ഒരു സിങ്കിലേ... ഇങ്ങനെ നമ്മളു വെള്ളം ഒഴിക്കുമ്പോളേ... അതു പോണില്ലെടാ. ഡേര്‍ട്ടി വാട്ടറിങ്ങനെ സ്റ്റക്കായി കെടക്കുവാ.. അപ്പോ അതു ഫിക്സ്‌ ചെയ്യണ്ടേ? ഡാഡി ഒരു പ്ളമ്പിങ്ങ്‌ അങ്കിളിനെ വിളിച്ചതു ഫിക്സ്‌ ചെയ്യാന്‍ പോയതാട്ടോ.. "

"ബട്ട്‌ ഐ മിസ്സ്‌ മൈ ഡാഡി.. " :(

പെണ്ണിങ്ങനെയാണ്‌, സ്കൂളു വിട്ടു വരുമ്പോ അപ്പന്‍ വീട്ടിലു വേണം. ഒരു 2 മണിക്കൂറൊക്കെ എങ്ങനേം പിടിച്ചുനിക്കും കക്ഷി. "ഐ മിസ്സ്‌ മൈ ഡാഡി, ഐ മിസ്സ്‌ മൈ ഡാഡി" എന്നിങ്ങനെ സുകൃത ജപം ചൊല്ലുന്ന പൊലെ പറഞ്ഞുകൊണ്ടേ നടക്കും.

ഓരോ അഞ്ചു മിനിറ്റിലും ഫോണ്‍ വിളിച്ചു "ഡാഡി എത്താറായോ? എപ്പോ എത്തും, ഇപ്പോ എവിടെ എത്തി" എന്നെല്ലാം തത്സമയ റിപ്പോര്‍ട്ടിങ് നടത്തിക്കൊണ്ടിരിക്കും. ഒരു 6 മണിക്കെങ്കിലും അപ്പന്‍ വീട്ടിലെത്തിയില്ലെങ്കില്‍ പിന്നെ ആകെ മൂഡൌട്ടായി. എവിടെയെങ്കിലും ഒരു മൂലയ്ക്കു ചിണുങ്ങി ഇരിക്കും. ഒന്നിനുമൊരു ഉത്സാഹമില്ലാതെ, ഒരു ചിമിടില്ലാതെ. റ്റി വി കാണണ്ടാ.. ബുക്ക്‌ വായിക്കണ്ടാ.. ആകെ അപ്സെറ്റ്‌..

(ഈ കക്ഷിക്കു തള്ളയെ കണ്ടില്ലെങ്കില്‍ ഒരു പരാതീം ഇല്ല കേട്ടോ. മൂന്നാഴ്ചത്തേയ്ക്കു ഞാന്‍ ഇതിനെ ഇട്ടേച്ചു നാട്ടില്‍ പോയതാ.. :)

"മണി ഒമ്പതായി മക്കളേ.നമുക്കു പോയി കെടക്കാം. "

"ഡാഡി വന്നില്ലല്ലോ.. ഐ ഡോണ്ട്‌ വാണ്ട്‌ റ്റു സ്ളീപ്‌ വിത്തൌട്ട്‌ മൈ ഡാഡി ഹോം".
ഹാന കരച്ചിലിണ്റ്റെ വക്കത്തായി.

"മുത്തേ... ഡാഡിക്കിപ്പോ ഈ രാത്രീലു പ്ളമ്പേഴ്സിനെ ആരേം കിട്ടാഞ്ഞിട്ടല്ലേടാ ? ഇപ്പോ രാത്രി ആയില്ലേ ? എല്ലാരും ചുമ്മ 24 X 7 ന്നൊക്കെ യെല്ലോ പേയ്ജസില്‍ ഇടും..പക്ഷേ വിളിക്കുമ്പോ ആരും വരണില്ല. അതല്ലേ ഡാഡിക്കു വരാന്‍ പറ്റാത്തേ ? "

"വൈ ഡോണ്ട്‌ ഡാഡി ഡൂ ഇറ്റ്‌ റ്റുമോറോ മോണിങ്ങ്‌ ? "

"അപ്പോ നമുക്കു രാവിലെ നമ്മുടെ എമ്പ്ളോയീസും കസ്റ്റമേഴ്സും വരണതിനു മുന്‍പ്‌ എല്ലാം ഫിക്സ്‌ ചെയ്യണ്ടേ? മോളെ.. കണ്ണടച്ച്‌ ഈശോയോടു പ്രാര്‍ത്ഥിച്ചു കെടന്നോ. ഈശോയേ... എന്റെ ഡാഡിക്കു വേഗം പ്രോബ്ളെം ഫിക്സ്‌ ചെയ്യാന്‍ പറ്റണേന്ന്"

"വൈ വൈ വൈ ഷുഡ്‌ ഐ പ്രേ ?"

"എന്റെ മുത്തിനു നല്ല എജൂക്കേഷന്‍ തരണ്ടേ? നല്ല സ്കൂളിലു പഠിക്കണ്ടേ? പിന്നെ എന്തോരും ബുക്സാ നമ്മളു മേടിക്കണേ ഹാനക്കുട്ടിക്ക്‌? അതിനൊക്കെ പൈസ വേണ്ടേടാ ? അപ്പൊ നമ്മുടെ ബിസിനസെല്ലാം നന്നായി പോയാലല്ലേ ശരിയാവുള്ളൂ ?"

"പഷേ, എനിക്ക്‌ ഡാഡീടെ പൈസ വേണ്ടാല്ലോ. ഐ ഹാവ്‌ ലോട്ട്‌ ഓഫ്‌ മണി ഇന്‍ മൈ കോയിന്‍ ബോക്സ്‌" !!!

പൈസയുടെ വെലയൊക്കെ മനസ്സിലാക്കിക്കോട്ടേ, സമ്പാദ്യ ശീലമുണ്ടാവട്ടെയെന്നൊക്കെ വിചാരിച്ചു കോയിന്‍ ഇടാന്‍ വേണ്ടി ഒരു ഡപ്പി കൊടുത്തതാ. അതിന്റെ മുക്കാലും കക്ഷി കോയിന്‍ ഇട്ടു നെറച്ചിട്ടുണ്ട്‌. അതു മുഴോനും ചേര്‍ത്താലും,മുക്കാല്‍ ചക്രത്തിണ്റ്റെ വെല ഇല്ലാന്നും, പിച്ചച്ചട്ടി മേടിക്കാന്‍ പോലും തെകയൂല്ലെന്നും, ഞാനിതിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണെണ്റ്റെ ഒടേതമ്പുരാനേ...

Labels: , , , , ,

Wednesday, January 23, 2008

മലയാളം മീഡിയം

"പാപ്പാ.. വൈ ദിസ് ആന്റി ക്രായിങ്ങ് ? "

" വാട്ടീസ് റോങ്ങ് ? വൈ എവിരിബഡി സാഡ് " ?

"മോമ്മി... വൈ ദാറ്റ് അങ്കിള്‍ ഈസ് ഷൌട്ടിങ്ങ് " ?

" സീ പപ്പാ.. ദീസ് അങ്കിള്‍സ് ആര്‍ ഫൈറ്റിങ്ങ്. ബാഡ് അങ്കിള്‍സ് "

" വാട്ട് ഹാപ്പന്‍‌ഡ് ? വൈ അങ്കിള്‍ സ്കോള്‍ഡിങ്ങ് ആന്റി " ?

" സംതിങ്ങ് ഈസ് റോങ്ങ് മമ്മാ.. സീ പപ്പാ... സീ സീ....പൊലീസ് ..."

" വൈ എവിരിബഡി ഷൗട്ടിങ്ങ് മമ്മാ.. ? "

" വൈ ദാറ്റ് ആന്റി ഈസ് ഫൈറ്റിങ്ങ് വിത്ത് അദര്‍ ആന്റി ? "

നാട്ടില്‍ നിന്നും അപ്പന്‍ വന്നപ്പോളപ്പനു പകലൊക്കെ ബോറടിക്കാതിരിക്കട്ടെയെന്നോര്‍ത്താണ്‌ ഏഷ്യാനെറ്റ് എടുത്തത്. ഹാന നോക്കുമ്പോ എല്ലാരും എപ്പോളും കൂട്ടക്കരച്ചില്‍ തന്നെ. ഹാന ഇതുവരെ കണ്ടു കൊണ്ടിരുന്ന റ്റി വി യിലൊന്നും ഇങ്ങനെ എല്ലാരും കരയുന്നതു ഹാന കണ്ടിട്ടില്ല. അവിടെയൊന്നും ആരും ഇങ്ങനെ ഒച്ചയെടുത്തു സംസാരിക്കുന്നില്ല.

ഈ റ്റി വി യില്‍ മനുഷ്യരൊക്കെ അലച്ചു കൂവി ഉള്ള ഊര്‍ജ്ജം മുഴുവനെടുത്തു സംസാരിക്കുന്നു. പെണ്ണുങ്ങളും പെണ്ണുങ്ങളും തല്ലു പിടിക്കുന്നു.. പോലീസ് വരുന്നു.. അടിച്ച് ഇടിച്ച് ചവിട്ടി കൊണ്‍റ്റു പോകുന്നു. പോരേ പൂരം ? ഇതു മുഴുവനും എന്താ എന്തിനാ എന്നറിയണം ഹാനയ്ക്ക്‌. എന്തു മറുപടി പറയാന്‍; എങ്ങനെ പറഞ്ഞു മനസ്സിലാക്കാന്‍ ?

" ഒന്നൂല്ല മോളേ.. ആ ആന്റിക്ക് തല വേദനയാ.. അതാ കരയുന്നേ.. "
ഇതു കൊണ്ടു വല്ലോം ഹാന തൃപ്തിപ്പെടുമോ ?


" അപ്പോ.. വൈ ദാറ്റ് അങ്കിള്‍ ഈസ് ഷൗട്ടിങ്ങ്.. " ?

" അതു മോളേ... ആ അങ്കിളിന്റെ കണ്ണിലു പൊടി പോയെടാ.." (ഇതു വല്യ തൊന്തരാവയല്ലോ കര്ത്താവേ .. അപ്പന്‍ പോയാലുടെനെ കട്ട് ചെയ്യണമീ ഏഷ്യാനെറ്റ് കണക്ഷന്‍ )

ഒരു ദിവസം റ്റി വി യില്‍ ഒരു പതിനഞ്ച് പേരെങ്കിലും കരയും... ഇതിനൊക്കെ ഞങ്ങളെന്തോന്നു മറുപടി പറയാന്‍.

" അതു മോളെ...ആ ആന്റി ചുമ്മാ സിമ്പ്ലി ക്രായിങ്ങ്...വെറുതെ കരയുവാ ന്നേ..."

ആദ്യത്തെ കൊറെ ദിവസം ഇതിനെല്ലാം ഉത്തരം പറഞ്ഞു പറഞ്ഞു മടുത്തു..
ഇപ്പോള്‍ ഹാന കരയുന്നതു കണ്ടാലൊന്നും ചോദിക്കില്ല.

തനിയെ ഇരുന്നു പറയും.. " സില്ലി ആന്റി... സിമ്പ്ലി ക്രായിങ്ങ്.... സോ സില്ലി... "

********** ഇത്രയും റ്റൈപ് ചെയ്തു വച്ചിട്ടൊന്നൊന്നര മാസമായി. അപ്പനു വേണ്ടിയെടുത്ത ഏഷ്യാനെറ്റ് ' ഹാനക്കുട്ടി മലയാളം പഠിക്കട്ടെ' എന്ന ന്യായം പറഞ്ഞിതുവരെ കട്ട് ചെയ്തില്ല. (അപ്പോളേയ്ക്കും നമ്മുടെ മമ്മാ 'മാനസപുത്രി' ക്ക് അഡിക്റ്റായി പോയെടാ .. എന്നൊരു അസൂയക്കാരന്‍ പറയണുണ്ട്‌.. ആരും അതു വിശ്വസിക്കണ്ട. *******

ഇപ്പോള്‍ വൈകിട്ടാറരയാകുമ്പോളേയ്ക്കും ഹാനമോള്‍ "നമ്മടെ സോഫിഗ്ളോറി' വരാറായോ മമ്മാ ?

എന്തിനോ ഞാനൊന്നു സ്വര്ണ്ണപ്പെട്ടി തുറന്നപ്പോള്‍ " ഇതാലപ്പാട്ടാണോ മമ്മാ " ?

പപ്പ ഫോണില്‍ സുഹ്രുത്തായ പ്രകാശിനോടു സമ്സാരിക്കുന്നതു കേട്ടപ്പോള്‍ " അതു നമ്മുടെ സോഫീടെ പ്രകാശാണോ പപ്പാ " ? (മാനസപുതിയിലെ സോഫിയുടെ ചെക്കനാണു പ്രകാശ് )

അമ്പടി കള്ളി... നോക്കണേ അവള്ടെ കാര്യാന്വേഷണമ്. മൊട്ടേന്നു വിരിഞ്ഞില്ല.

ഇത്രയും നാള്‍ വാ തുറന്നാല്‍ സായിപ്പിന്റെ ഭാഷ മാത്രം പറഞ്ഞിരുന്നവള്, ഇപ്പോ പച്ച മലയാളം പറയുന്നു.
"എടാ മമ്മാ നീയാ പാട്ടു നിറുത്തെടാ.. എനിക്കീ മൂവീലെ പറയണതു കേക്കാന്‍ പറ്റണില്ല " (ഈ 'നീ' യുടെ യൊക്കെ പൂറ്ണ്ണ ഉത്തരവാദിത്വം ഏഷ്യാനെറ്റിനും ക്രിത്യമായി പറഞ്ഞാല്‍ സോനാ നായര്ക്കും മാത്രമ്.. അല്ലാതെ ഇവിടെ ഈ വീട്ടില്..ആരും ആരെയും 'നീ' യെന്നൊരിക്കലും പറയാറില്ല..) :)

" എടാ ഹാരിമോനേ.. നീയെന്തിനാടാ തുപ്പിയത് ? നിനക്ക് മതിയെങ്കില്‍ നിന്റെ മൌത്ത് ഓപ്പണ്‍ ചെയാതിരുന്നാല്‍ പോരേ ? ഇങ്ങനെ തുപ്പി മെസ്സ് ആക്കരുതെന്നു നമ്മടെ മമ്മാ എത്ര പ്രാശ്യം പറഞ്ഞിട്ടുണ്ടെടാ ?"

ഇത്ര കാലം പ്രാര്ത്ഥനകളെല്ലാം ഇംഗ്ലീഷിലായിരുന്നു. ഇന്നലെ " ഈശോയേ.. നമ്മടെ അക്കന്റേം മാത്യൂസ് ചേട്ടായീടേം ചിക്കന്‍ പോക്സ് മാറ്റണേ. ഹാനമോളും ഹാരിമോനും ഇന്ഡ്യേലു പോകുമ്പോ ചിക്കന്‍ പോക്സൊന്നും വരുത്താതെ കാക്കണേ. ഇന്ഡ്യേലു പോകുമ്പോ നമ്മടെ ഹാരിമോന്റെ സ്റ്റൊമക്ക് അപ്സെറ്റാക്കല്ലേ. "

എന്തോ ബുക്ക് വായിച്ചിരിക്കുന്നതിനിടയില്‍ പെട്ടെന്നു നിറുത്തിയിട്ടു " എടാ പപ്പക്കുട്ടോ... നമ്മടെ ഇന്ഡ്യേലു പിഗ് ഉണ്ടോ " ?

" ഉണ്ടല്ലോ..പപ്പ കാണിച്ചു തരാമല്ലോ.. " (ദൈവമേ... പന്നിയെ ഒക്കെ വളര്ത്തുന്ന ഏതെങ്കിലും വീടുണ്ടാവുമോ നാട്ടിലിപ്പോഴുമ്..? എഗ്ഗ് പൊട്ടി ചിക്കന്‍ പുറത്തു വരണതു കാണിക്കാം, കോഴി എഗ്ഗ് ഇട്ടിട്ട് കൊക്കരക്കോ വയ്ക്കണതു കാണിക്കാം.., ജീവനുള്ള താറാവിനെ കൊന്നു കറി വയ്ക്കണതു കാണിക്കാം.. ആനപ്പുറത്തു കേറ്റാം..ഒക്കെ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞു പാവം ആശിച്ചിരിക്കുവാ )".

"മോനേ ഹാരിക്കുട്ടാ.. എന്തെങ്കിലും ഇച്ചരെ കഴിക്കെടാ..നമ്മടെ മമ്മായെ ഇങ്ങനെ സങ്കടപ്പെടുത്തല്ലേടാ.. "

നാട്ടില്‍ പോകുന്ന ഈ നേരത്തു തന്നെ പെണ്ണു മലയാളം പഠിച്ചതില്‍ പെരുത്തു സന്തോഷത്തിലാണു ഞങ്ങള്‍.

അവിടെ ചെല്ലുമ്പോളെല്ലാരോടും നെറയെ സംസാരിക്കാമല്ലോ.

ഏഷ്യാനെറ്റിനും മാനസപുത്രിക്കും സ്തുതി !!!

Labels: , , ,

Wednesday, October 17, 2007

ചോദിച്ചു ചോദിച്ചു പോകുമ്പോള്‍

" ഗായ്സ്... ആര് യൂ ഗായ്സ് നോട്ട് ഗോയിങ്ങ് റ്റു ഓഫീസ് റ്റുഡേ ? "

" ഇല്ല മുത്തേ ... ഇന്നു സാറ്റര്‍ഡേ അല്ലേ ? സാറ്റര്‍ഡേ ഓഫീസ് ഇല്ലല്ലോ.."

" വാട്ടീസേ സാറ്റര്‍ഡേ " ?

" സാറ്റര്‍ഡേ ന്നു വച്ചാല്‍ സെവന്‍ ഡേയ്സില്‍ ഒരെണ്ണം.. "

"വാട്ടീസേ ഡേ ? "

" ഡേ ന്നു പറഞ്ഞാല്‍.. ഒരു ദിവസം നമ്മള്‍ മോണിങ്ങെഴുന്നേറ്റ് ബ്രഷ് ചെയ്യില്ലേ.. ? അപ്പൊളാ ഒരു ഡേ തുടങ്ങുന്നേ.... പിന്നെ ബ്റേയ്ക്ഫാസ്റ്റ് കഴിക്കും... സ്കൂളിലു പോകും... തിരിച്ചു വന്നു ലഞ്ചു കഴിക്കും..നാപ്പെടുക്കും.. കളിക്കും.. പിന്നെ കുളിച്ച് ഡിന്നറ് കഴിച്ചുറങ്ങും... അത്രേമൊരു ഡേ ... പിന്നെ ഹാന മോളു വേയ്ക്കപ്പ് ചെയ്യുമ്പോ അതു നെക്സ്റ്റ് ഡേ .

" വാട്ടീസേ നെക്സ്റ്റ് ഡേ " ?

"ശെടാ... ഇതു വല്യ തൊന്തരവായല്ലോ.. ഈ പെങ്കൊച്ചിനെക്കൊണ്ട്.." (ആത്മഗതം)"

" അതു മോളേ.. ഒരു ഡേ കഴിഞ്ഞു പിന്നെ വരുന്ന ഡേ യില്ലേ.. അതാ നെക്സ്റ്റ് ഡേ.. അങ്ങനെ സെവന്‍ ഡേയ്സ് കൂടുമ്പൊളാ ഒരു വീക്ക് ആവണത്.... "

" വീക്ക്... ??? വാട്ടീസേ വീക്ക് " ?

" നല്ല വീക്കു ഞാന്‍ വച്ചു തരും കേട്ടോ... മിണ്ടാതെ പോടീ പെണ്ണേ... " (ഇതും ആത്മഗതം)

" വീക്കെന്നു പറഞ്ഞാല്...നമ്മുടെ സണ്ഡേ..മണ്ഡേ.... പിന്നേ... പിന്നെ ഏതൊക്കെയാ... ? ഹാന തന്നെ പറഞ്ഞേ.."..

" റ്റ്യൂസ്ഡേ..... തേഴ്സ്ഡേ...ഫ്രൈഡേ... സാറ്റര്‍ഡേ....."

ഹാവൂ.. സമാധാനം... തല്ക്കാലം ചോദ്യങ്ങളില്‍ ന്നു രക്ഷപ്പെട്ടു...

ഈ ദിവസങ്ങളില് വീട്ടില്‍ സ്ഥിരം നടക്കുന്ന കലാപരിപാടികളില്‍ ഒന്നാണിത്.. യെന്തെങ്കിലുമൊരു വാക്കു കേട്ടാല്‍... അതില്പ്പിടിച്ചു തൂങ്ങിക്കളയും ഹാന.. ഒന്നിനു പുറകേ ഒന്നായി പിന്നങ്ങോട്ടു ചോദ്യങ്ങള്‍ തന്നെ...
ഉത്തരം പറയാതെ പിന്നെ സ്വൈരം തരില്ല പെണ്ണ്...അറിയില്ലാത്ത കാര്യങ്ങളേ ചോദിക്കൂ എന്നൊന്നും വാശിയില്ല ഹാന്യ്ക്ക്... അറിയാവുന്നതാണെങ്കിലും വെര്തെ ചോദിച്ചോണ്ടിരിക്കും...


" മോളേ.. ബെഡ്റൂമിള്‍ പോയി നമ്മടെ ഹാരിമോന്റെ ഒരുടുപ്പിങ്ങെടുത്തോണ്ടു വന്നേ .."

" ബെഡ്റൂം ??? വാട്ടീസേ ബെട്റൂം " ? (ബെഡ്‌റൂമെന്നാദ്യമായി കേട്ട മാതിരി )..

" ബെഡ് ഇട്ടിരിക്കണ റൂം അല്ലേടി കള്ളിപ്പെണ്ണേ ബെട്റൂം " ?

" വാട്ടീസേ ബെഡ് "?

" ബെഡ്.......മ്മ്ഹ്. നമ്മളു സ്ലീപ് ചെയ്യണതെവിടെയാ.. അതല്ലേ ബെഡ് "

" വാട്ടീസ് സ്ലീപ് " ?

" സ്ലീപ്പെന്നു പറഞ്ഞാല്‍... നമ്മളു കണ്ണൊക്കെ അടച്ചു റെസ്റ്റ് ചെയ്യുന്നതല്ലേ സ്ലീപ് ?

" റെസ്റ്റ്..? വാട്ട് യൂ റ്റോക്കിങ്ങ് എബൗട്ട് " ?

തീരെ പരിചയമില്ലാത്ത വാക്കുള്‍ കേള്‍ക്കുമ്പോ... അല്ലെങ്കില്‍ ഒന്നും മനസ്സിലാവാത്തപ്പോ ഹാന പറയുന്ന ഡയലോഗാണീ 'വാട്ട് യൂ റ്റോക്കിങ്ങ് എബൗട്ട് ' ?

"റെസ്റ്റെന്നു വച്ചാല്‍..നമ്മളു റ്റയേഡാവുമ്പോ... ചുമ്മാ കെടക്കൂല്ലേ... ഒന്നും ചെയ്യാതെ... "

ഹൗ രക്ഷപ്പെട്ടു.... ഇക്കുറി ഹാനയ്ക്കു പുതിയ വാക്കൊന്നും കിട്ടിയ ലക്ഷണമില്ല... തല്ക്കാലം രക്ഷപ്പെട്ടു..


"പപ്പാ.. വെയര്‍ ആര്‍ യൂ ഗോയിങ്ങ് ? "

" പപ്പാ... ന്യൂ ജേഴ്സിക്കു പോവാ മോനേ.."

"ന്യൂ ജേഴ്സി. !! വാട്ടീസ് ദാറ്റ് " ?

" ന്യൂ ജേഴ്സി ഒരു സ്റ്റേയ്റ്റാടാ... "

" സ്റ്റേയ്റ്റ് ?.. വാട്ടീസേ സ്റ്റേയ്റ്റ് ?"

" സ്റ്റേയ്റ്റെന്നു പറഞ്ഞാല്‍.., പെന്സില്വേനിയ ഒരു സ്റ്റേയ്റ്റല്ലേ ? അതു പോലെ വേറെ ഒരു സ്റ്റേയ്റ്റാണ് ന്യൂ ജേഴ്സി ".

" പെന്സില്വേനി... വാട്ടീസ് ദാറ്റ് " ?

" പെന്സില്വേനിയ... നമ്മളു താമസിക്കുന്ന സ്റ്റേയ്റ്റാടാ.. നമ്മുടെ ഹോമും നമ്മുടെ സ്കൂളും ..പിന്നെ.. ചര്‍ച്ചും.. പിന്നെ വാള്‍ഗ്രീന്‍സും... പിന്നെ വേറെ ഷോപ്പും... അങ്ങനെ അങ്ങനെ കൊറെ സ്ഥലം കൂടുമ്പൊളാ പെന്സില്വേനിയാ സ്റ്റേയ്റ്റ്. അങ്ങനെ ഫിഫ്റ്റി സ്റ്റേയ്റ്റ്സ് ആണു യുണൈറ്റഡ് സ്റ്റേയ്റ്റ്സില്‍.."

" യുണൈറ്റഡ് സ്റ്റേയ്റ്റ്സ്... ഗ്ലോബ്... " ?????

യുണൈറ്റഡ് സ്റ്റെയ്റ്റസെന്നു കേട്ടതേ, ഗ്ലോബിലുള്ള ഒരു സ്ഥലമാണെന്നു ഹാനയ്ക്കു മനസ്സിലായി...
തല്ക്കാലത്തേയ്ക്കു ശ്രദ്ധ അതിലേയ്ക്കായി....ഹാവൂ.... എന്നൊന്നു ആശ്വസിച്ചതും....

'മമ്മാ..., വെയറീസ് ചൈനാ ഗോണ് ? ഐ ക്യനോട്ട് ഫൈന്ഡ് ചൈന എനി മോര്... ക്യന്യൂ പ്ലീസ് ഹെല്പ് മീ .."

യെന്റമ്മേ... തോറ്റു ഈ പെണ്ണിനെ കൊണ്ട്....

ചോദ്യങ്ങള് അവസാനിക്കുന്നില്ല... ഒന്നിനു പിന്നാലെ ഒന്നായി.. ചോദിച്ചു കൊണ്ടേയിരിക്കുകയാണു ഹാന...

വാല്‍ക്കഷണം :ഞാന്‍: " ഹോ...ഉഗ്രന്‍ മീങ്കറിയാരുന്നു... ഞാന്‍ ഒരു കണക്കില്ലാതെ കഴിച്ചു...നോക്ക്... എന്റെ വയറു നെറഞ്ഞു പൊട്ടി..." .

കേട്ടു നിന്ന ഹാന : "എന്താ മമ്മാ.... വാട്ട് ഹാപ്പന്ഡ് ? ഡിഡ് യൂ ബ്രോക്ക് യുവര്‍ ടമ്മി. ? " " എന്താ മമ്മാ കെയര്‍ഫുള്‍ ആവാത്തേ ? അതല്ലേ പൊട്ടിപ്പോയത് ? സാരല്ല മമ്മാ.. നെക്സ്റ്റ് റ്റൈം കെയര്‍ഫുള്‍ ആവണോട്ടോ "

ഹാന ബൗളുകളും മറ്റും താഴെ ഇട്ടു പൊട്ടിക്കുമ്പോള്‍ ഞാന്‍ പറയുന്ന അതേ ഡയലോഗ്... അതേ ശൈലിയില്‍ തിരിച്ചടിക്കുന്നു മകള്‍!!!

Labels: , , , , , ,

Sunday, August 12, 2007

ഐ ഡു നോട്ട് മമ്മേടേ ചക്കരമുത്ത്

ഹാനയുടെ ജീവിതത്തിലിപ്പോള്‍ ‘ഐ ഡു നോട്ടി’ന്റെ സീസണാണ്. എന്തു പറഞ്ഞാലും ഹാനയുടെ മറുപടി ആരംഭിക്കുന്നതൊരു ‘ഐ ഡു നോട്ടി‘ലായിരിക്കും.

"മോളേ, എന്താ ഇതുവരെ ബ്രഷ് ചെയ്യാത്തേ..? ബ്രഷ് ചെയ്യാന്‍ വന്നേ”

“ഐ ഡു നോട്ട് വാണ്ട് റ്റു ബ്രഷ് മൈ റ്റീത്ത്”

“ഹാനാ, ഗ്രേയ്പ്സ് എടുക്കട്ടേടാ കഴിക്കാന്‍” ?

“ ഐ ഡു നോട്ട് ലൈക് ഗ്രേയ്പ്സ്”

"ഹാനാ, രാത്രി ആയല്ലോ, ഇനി റ്റോയ്സും ബുക്സും ഒക്കെ പെറുക്കി വച്ചേ”

“ ഐ ഡു നോട്ട് വാണ്ട് റ്റു ടൂ ക്ലീനപ്പ് “

‘കുരയ്ക്കുന്ന പട്ടി കടിയ്ക്കില്ലാ’ന്നു പറയുന്ന പോലെ, വെര്‍തെ ഈ പറച്ചിലു മാത്രമേയുള്ളൂ.. ബുക്സൊക്കെ അടുക്കി ഷെല്‍ഫില്‍ വച്ചു കൊണ്ടാവും മിക്കവാറും ഈ വീരസ്യം പറച്ചില്‍.

“നല്ല കുട്ടികള്‍ റ്റോയ് ഷെയറു ചെയ്യണംന്നു പറഞ്ഞിട്ടില്ലേ ? മ്മടെ ഹാരിമോനല്ലേടാ, അവനു കൊടുത്തേ അതു കുറച്ചു നേരം”

“ഐ ഡു നോട്ട് ഷെയര്‍ റ്റോയ്സ് വിത്ത് ഹാരിക്കുട്ടന്‍” എന്നു പറഞ്ഞുകൊണ്ടു “ചേച്ചീടെ കുട്ടോ.. ഇന്നാ മോനേ. ചേച്ചി ഷെയറു ചെയ്യുവാട്ടോ” എന്നു പറഞ്ഞ് ഹാരിക്കു കൊടുക്കുവേം ചെയ്യും.

“ ഇതിത്ര നേരമായിട്ടും കഴിച്ചു തീര്‍ത്തില്ലേ, അമ്മ കോരിത്തരട്ടേ “ ?

“ ഐ ഡു നോട്ട് ലൈക് മമ്മാ കോരീത്തരാ “ , എന്നു പറഞ്ഞിട്ടു 2 മിനിറ്റിനകം, “ഒന്നു കോരിത്തരോ,മമ്മാ” എന്നു ചോദിക്കും.

മുറി ഇംഗ്ലീഷും മുറി മലയാളവും വച്ചുള്ള ഈ നിഷേധത്തരം പറച്ചില്‍, ആദ്യമൊക്കെ ഇത്തിരി സങ്കടപ്പെടുത്തിയെങ്കിലും, ഇപ്പോ ഇതൊരു കോമഡിയാണു വീട്ടില്‍.

“ഇത്രേമടുത്തിരുന്നാണോ റ്റി വി കാണാന്‍ ഹാനക്കുട്ടിയോടു പറഞ്ഞിരിക്കണത് ? പപ്പാ ഓഫ് ചെയ്യാന്‍ പോവാട്ടോ. ചെയറില്‍ പോയിരുന്നേ “.
“ഐ ഡു നോട്ട് സിറ്റ് ഓണ്‍ ചെയര്‍”

പണ്ടൊക്കെ ആയിരുന്നെങ്കില്‍, “അയ്യോ ന്റെ കുഞ്ഞു കൈവിട്ടു പോയേ” എന്നു ഞാന്‍ ചങ്കിനിട്ടിടിച്ചു നിലവിളിച്ചേനേ. “ഇവളുടെ ഈ പന്ന സ്വഭാവം ഒന്നു മാറ്റിത്തന്നാല്‍ മലയാറ്റൂര്‍ മല കേറിയേക്കാമേ” എന്നു തോമാസ്ലീഹായെ സോപ്പിട്ടേനേ. പണ്ടു ഹാന ഇതുപോലെ, “ഹാനാ . അടി അടി.. ” എന്നു നമ്മള്‍ പറഞു തീരുന്നതിനു മുന്‍പൊരെണ്ണം നമുക്കിട്ടു പൊട്ടിച്ചിരുന്ന സമയത്തും, പിന്നെ ഓടിനടന്നെല്ലാവരേം കടിച്ച കാലത്തും ഞാനെത്രയോ വട്ടം നോവേനയെത്തിച്ചു. റ്റോയ്‌ലറ്റ് സീറ്റിലിരിക്കാന്‍ മടി കാണിച്ചു കരഞ്ഞപ്പോഴും, മുടി കെട്ടാന്‍ വിളിക്കുമ്പോള്‍ സാംസണെ പോലെ മുടിയിലാണവളുടെ ജീവനെന്ന മാതിരി കാറിപ്പൊളിച്ചിരുന്ന കാലത്തും, ചുമ്മാ പതം പറഞ്ഞു കരഞ്ഞ പൊട്ടത്തിയാണു ഞാന്‍.

ഇന്നു പക്ഷേ എനിക്കറിയാം, ഒക്കെ വളര്‍ച്ചയുടെ ഓരോരോ ഘട്ടങ്ങളാണ്. ഒക്കെ കഴിഞ്ഞല്ലേ നമ്മളും വന്നത് ? ഒരു മൂവി, “ഇന്നിത്രയും കണ്ടാല്‍ മതി, നാളെ ബാക്കി കാണാം”, എന്നെങ്ങാന്‍ പറഞ്ഞോഫ് ചെയ്താല്‍, അന്നു മുഴുവന്‍ കരഞ്ഞിട്ടുണ്ടു ഞാന്‍. ഇന്നിപ്പോ, വെര്‍തെ എത്ര മൂവി ഇരുന്നാലും കാണാനേ തോന്നാറില്ല.

“ഹാനാ, ഗുഡ് ഗേള്‍സിങ്ങനെ പറയൂല്ലാട്ടോ. ഹാനക്കു നല്ല കുട്ടിയാവണ്ടേ ? അപ്പോ പപ്പയോടും മമ്മയോടും, ഐ ഡു നോട്ടെന്നു പറയരുതുട്ടോ “ എന്നു പറഞ്ഞു കൊടുക്കുമ്പോള്‍ “ഐ ഡു നോട്ട് വാണ്ട് റ്റു ഗുഡ് ഗേള്‍” എന്നു ഹാന തിരിച്ചടിക്കും.

പക്ഷേ, എനിക്കുറപ്പുണ്ട്, 3 മാസം കഴിഞ്ഞീ പോസ്റ്റെടുത്തു വായിക്കുമ്പോള്‍, ഞാന്‍ തന്നെ ഓര്‍ക്കും..”ഹൌ..ഇങ്ങനൊരു കുറുമ്പും ഉണ്ടാരുന്നല്ലോ, എന്റെ കള്ളിപ്പെണ്ണിനെന്ന്.

ഹാനേടെ ഐ ഡു നോട്ട് രാക്ഷസന്‍
ഈ കുടത്തില്‍ നിന്നു കൂടെക്കൂടിയതാണെന്നാ പപ്പാടെ കണ്ടുപിടുത്തം. ശരിയാകാനാണു സാധ്യത. ഒന്നൊന്നര മാസം മുന്‍പു ദിവസം അഞ്ചു പ്രാവശ്യമെങ്കിലും സുകൃതജപം മാതിരി, ആ ബുക്കു വായിപ്പിക്കുമായിരുന്നു. എന്തായാലും, അതിനവസാനം ഡുനോട്ട് ലൈക്ക് എല്ലാം ഐ ഡു ലൈക്ക് ആയിമാറുന്നുണ്ട്.

“അയ്യേ, ഇതെന്താ പാന്റി മാത്രമിട്ടു നടക്കുന്നേ ? ഷേയ്മാവില്ലേ ഹാനയ്ക്ക് ? ഉടുപ്പെടുത്തിട്ടേ”

“ഐ ഡു നോട്ട് ലൈക്ക് ഉടുപ്പ്”

“തന്നെ ഉടുപ്പെടുത്തിട്ടാലേ..... പപ്പ ആന്‍‌ഡ് മമ്മ വില്‍ ബി പ്രൌഡ് ഓഫ് ഹാനക്കുട്ടി. നോക്കട്ടെ , തന്നെ ഇടാന്‍ പഠിച്ചോന്ന്..”

“ ഐ ഡു നോട്ട് വാണ്ട് പപ്പാ ആന്‍‌ഡ് മമ്മാ പ്രൌഡ് ”

“മമ്മേടേ ചക്കരമുത്തല്ലേടാ, ഒന്നെടുത്തിട്ടേടാ.”

“ഐ ഡു നോട്ട് മമ്മേടേ ചക്കരമുത്ത് ....” :)

Labels: , , , , , ,

13,658