മകള്‍ക്ക്, മകനും

Wednesday, January 23, 2008

മലയാളം മീഡിയം

"പാപ്പാ.. വൈ ദിസ് ആന്റി ക്രായിങ്ങ് ? "

" വാട്ടീസ് റോങ്ങ് ? വൈ എവിരിബഡി സാഡ് " ?

"മോമ്മി... വൈ ദാറ്റ് അങ്കിള്‍ ഈസ് ഷൌട്ടിങ്ങ് " ?

" സീ പപ്പാ.. ദീസ് അങ്കിള്‍സ് ആര്‍ ഫൈറ്റിങ്ങ്. ബാഡ് അങ്കിള്‍സ് "

" വാട്ട് ഹാപ്പന്‍‌ഡ് ? വൈ അങ്കിള്‍ സ്കോള്‍ഡിങ്ങ് ആന്റി " ?

" സംതിങ്ങ് ഈസ് റോങ്ങ് മമ്മാ.. സീ പപ്പാ... സീ സീ....പൊലീസ് ..."

" വൈ എവിരിബഡി ഷൗട്ടിങ്ങ് മമ്മാ.. ? "

" വൈ ദാറ്റ് ആന്റി ഈസ് ഫൈറ്റിങ്ങ് വിത്ത് അദര്‍ ആന്റി ? "

നാട്ടില്‍ നിന്നും അപ്പന്‍ വന്നപ്പോളപ്പനു പകലൊക്കെ ബോറടിക്കാതിരിക്കട്ടെയെന്നോര്‍ത്താണ്‌ ഏഷ്യാനെറ്റ് എടുത്തത്. ഹാന നോക്കുമ്പോ എല്ലാരും എപ്പോളും കൂട്ടക്കരച്ചില്‍ തന്നെ. ഹാന ഇതുവരെ കണ്ടു കൊണ്ടിരുന്ന റ്റി വി യിലൊന്നും ഇങ്ങനെ എല്ലാരും കരയുന്നതു ഹാന കണ്ടിട്ടില്ല. അവിടെയൊന്നും ആരും ഇങ്ങനെ ഒച്ചയെടുത്തു സംസാരിക്കുന്നില്ല.

ഈ റ്റി വി യില്‍ മനുഷ്യരൊക്കെ അലച്ചു കൂവി ഉള്ള ഊര്‍ജ്ജം മുഴുവനെടുത്തു സംസാരിക്കുന്നു. പെണ്ണുങ്ങളും പെണ്ണുങ്ങളും തല്ലു പിടിക്കുന്നു.. പോലീസ് വരുന്നു.. അടിച്ച് ഇടിച്ച് ചവിട്ടി കൊണ്‍റ്റു പോകുന്നു. പോരേ പൂരം ? ഇതു മുഴുവനും എന്താ എന്തിനാ എന്നറിയണം ഹാനയ്ക്ക്‌. എന്തു മറുപടി പറയാന്‍; എങ്ങനെ പറഞ്ഞു മനസ്സിലാക്കാന്‍ ?

" ഒന്നൂല്ല മോളേ.. ആ ആന്റിക്ക് തല വേദനയാ.. അതാ കരയുന്നേ.. "
ഇതു കൊണ്ടു വല്ലോം ഹാന തൃപ്തിപ്പെടുമോ ?


" അപ്പോ.. വൈ ദാറ്റ് അങ്കിള്‍ ഈസ് ഷൗട്ടിങ്ങ്.. " ?

" അതു മോളേ... ആ അങ്കിളിന്റെ കണ്ണിലു പൊടി പോയെടാ.." (ഇതു വല്യ തൊന്തരാവയല്ലോ കര്ത്താവേ .. അപ്പന്‍ പോയാലുടെനെ കട്ട് ചെയ്യണമീ ഏഷ്യാനെറ്റ് കണക്ഷന്‍ )

ഒരു ദിവസം റ്റി വി യില്‍ ഒരു പതിനഞ്ച് പേരെങ്കിലും കരയും... ഇതിനൊക്കെ ഞങ്ങളെന്തോന്നു മറുപടി പറയാന്‍.

" അതു മോളെ...ആ ആന്റി ചുമ്മാ സിമ്പ്ലി ക്രായിങ്ങ്...വെറുതെ കരയുവാ ന്നേ..."

ആദ്യത്തെ കൊറെ ദിവസം ഇതിനെല്ലാം ഉത്തരം പറഞ്ഞു പറഞ്ഞു മടുത്തു..
ഇപ്പോള്‍ ഹാന കരയുന്നതു കണ്ടാലൊന്നും ചോദിക്കില്ല.

തനിയെ ഇരുന്നു പറയും.. " സില്ലി ആന്റി... സിമ്പ്ലി ക്രായിങ്ങ്.... സോ സില്ലി... "

********** ഇത്രയും റ്റൈപ് ചെയ്തു വച്ചിട്ടൊന്നൊന്നര മാസമായി. അപ്പനു വേണ്ടിയെടുത്ത ഏഷ്യാനെറ്റ് ' ഹാനക്കുട്ടി മലയാളം പഠിക്കട്ടെ' എന്ന ന്യായം പറഞ്ഞിതുവരെ കട്ട് ചെയ്തില്ല. (അപ്പോളേയ്ക്കും നമ്മുടെ മമ്മാ 'മാനസപുത്രി' ക്ക് അഡിക്റ്റായി പോയെടാ .. എന്നൊരു അസൂയക്കാരന്‍ പറയണുണ്ട്‌.. ആരും അതു വിശ്വസിക്കണ്ട. *******

ഇപ്പോള്‍ വൈകിട്ടാറരയാകുമ്പോളേയ്ക്കും ഹാനമോള്‍ "നമ്മടെ സോഫിഗ്ളോറി' വരാറായോ മമ്മാ ?

എന്തിനോ ഞാനൊന്നു സ്വര്ണ്ണപ്പെട്ടി തുറന്നപ്പോള്‍ " ഇതാലപ്പാട്ടാണോ മമ്മാ " ?

പപ്പ ഫോണില്‍ സുഹ്രുത്തായ പ്രകാശിനോടു സമ്സാരിക്കുന്നതു കേട്ടപ്പോള്‍ " അതു നമ്മുടെ സോഫീടെ പ്രകാശാണോ പപ്പാ " ? (മാനസപുതിയിലെ സോഫിയുടെ ചെക്കനാണു പ്രകാശ് )

അമ്പടി കള്ളി... നോക്കണേ അവള്ടെ കാര്യാന്വേഷണമ്. മൊട്ടേന്നു വിരിഞ്ഞില്ല.

ഇത്രയും നാള്‍ വാ തുറന്നാല്‍ സായിപ്പിന്റെ ഭാഷ മാത്രം പറഞ്ഞിരുന്നവള്, ഇപ്പോ പച്ച മലയാളം പറയുന്നു.
"എടാ മമ്മാ നീയാ പാട്ടു നിറുത്തെടാ.. എനിക്കീ മൂവീലെ പറയണതു കേക്കാന്‍ പറ്റണില്ല " (ഈ 'നീ' യുടെ യൊക്കെ പൂറ്ണ്ണ ഉത്തരവാദിത്വം ഏഷ്യാനെറ്റിനും ക്രിത്യമായി പറഞ്ഞാല്‍ സോനാ നായര്ക്കും മാത്രമ്.. അല്ലാതെ ഇവിടെ ഈ വീട്ടില്..ആരും ആരെയും 'നീ' യെന്നൊരിക്കലും പറയാറില്ല..) :)

" എടാ ഹാരിമോനേ.. നീയെന്തിനാടാ തുപ്പിയത് ? നിനക്ക് മതിയെങ്കില്‍ നിന്റെ മൌത്ത് ഓപ്പണ്‍ ചെയാതിരുന്നാല്‍ പോരേ ? ഇങ്ങനെ തുപ്പി മെസ്സ് ആക്കരുതെന്നു നമ്മടെ മമ്മാ എത്ര പ്രാശ്യം പറഞ്ഞിട്ടുണ്ടെടാ ?"

ഇത്ര കാലം പ്രാര്ത്ഥനകളെല്ലാം ഇംഗ്ലീഷിലായിരുന്നു. ഇന്നലെ " ഈശോയേ.. നമ്മടെ അക്കന്റേം മാത്യൂസ് ചേട്ടായീടേം ചിക്കന്‍ പോക്സ് മാറ്റണേ. ഹാനമോളും ഹാരിമോനും ഇന്ഡ്യേലു പോകുമ്പോ ചിക്കന്‍ പോക്സൊന്നും വരുത്താതെ കാക്കണേ. ഇന്ഡ്യേലു പോകുമ്പോ നമ്മടെ ഹാരിമോന്റെ സ്റ്റൊമക്ക് അപ്സെറ്റാക്കല്ലേ. "

എന്തോ ബുക്ക് വായിച്ചിരിക്കുന്നതിനിടയില്‍ പെട്ടെന്നു നിറുത്തിയിട്ടു " എടാ പപ്പക്കുട്ടോ... നമ്മടെ ഇന്ഡ്യേലു പിഗ് ഉണ്ടോ " ?

" ഉണ്ടല്ലോ..പപ്പ കാണിച്ചു തരാമല്ലോ.. " (ദൈവമേ... പന്നിയെ ഒക്കെ വളര്ത്തുന്ന ഏതെങ്കിലും വീടുണ്ടാവുമോ നാട്ടിലിപ്പോഴുമ്..? എഗ്ഗ് പൊട്ടി ചിക്കന്‍ പുറത്തു വരണതു കാണിക്കാം, കോഴി എഗ്ഗ് ഇട്ടിട്ട് കൊക്കരക്കോ വയ്ക്കണതു കാണിക്കാം.., ജീവനുള്ള താറാവിനെ കൊന്നു കറി വയ്ക്കണതു കാണിക്കാം.. ആനപ്പുറത്തു കേറ്റാം..ഒക്കെ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞു പാവം ആശിച്ചിരിക്കുവാ )".

"മോനേ ഹാരിക്കുട്ടാ.. എന്തെങ്കിലും ഇച്ചരെ കഴിക്കെടാ..നമ്മടെ മമ്മായെ ഇങ്ങനെ സങ്കടപ്പെടുത്തല്ലേടാ.. "

നാട്ടില്‍ പോകുന്ന ഈ നേരത്തു തന്നെ പെണ്ണു മലയാളം പഠിച്ചതില്‍ പെരുത്തു സന്തോഷത്തിലാണു ഞങ്ങള്‍.

അവിടെ ചെല്ലുമ്പോളെല്ലാരോടും നെറയെ സംസാരിക്കാമല്ലോ.

ഏഷ്യാനെറ്റിനും മാനസപുത്രിക്കും സ്തുതി !!!

Labels: , , ,