എന്റെ കുഞ്ഞുണ്ണൂലിയും കുഞ്ഞാങ്ങളയും
പന്ത്രണ്ടു വയസ്സാവാതെ കുട്ടികളെ ഒറ്റയ്ക്ക് വീട്ടിലാക്കി പോകാന്‍ പാടില്ലെന്നാണീ രാജ്യത്തെ നിയമം. അങ്ങനെ നമ്മള്‍ കുട്ടികളെ ഒറ്റയ്ക്കാക്കി പോകുന്ന സമയത്ത്, അവരു കരഞ്ഞിട്ടോ മറ്റോ ആരെങ്കിലും 911 വിളിച്ചാല്‍.. അത്രന്നെ.. കുട്ട്യോളെ പോലീസ് കൊണ്ടോവും.. കൊണ്ടോയി ഫോസ്റ്റര്‍ കെയറിലു കൊടുക്കും..
ഇതുവരെ കുഞ്ഞിചെക്കനെയും കുഞ്ഞിപ്പെണ്ണിനെയും ഒറ്റയ്ക്കാക്കി പോയിട്ടില്ല, എവിടെയും. എന്നാല്‍ രണ്ടു മൂന്നാഴ്ച മുന്‍പൊരൂസം.
ഉഗ്രന്‍ തണുപ്പാണ്. വിന്‍റര്‍ വന്നപ്പോ മുതലു കുട്ട്യോള്‍സിനു രണ്ടിനും എപ്പോളും സിക്ക്.ഹാന ആണെങ്കില്‍ ചുമച്ചു ചുമച്ചു ബ്രോങ്കൈറ്റിസായി. ഹാരി 3 കുപ്പി ആന്‍റിബയോട്ടിക്ക് കുടിച്ചു തീര്‍ത്തു ആള്‍റെടി. ഇയര്‍ ഇന്‍ഫെക്ഷന്‍ ഒരെണ്ണം തീരണതിനു മുന്നേ അടുത്തതു വരും. അങ്ങനെ മനസ്സു മടുത്തിരിക്കുന്ന വേളയില്‍..
ഒരൂസം ശകടങ്ങള്‍ രണ്ടും സര്‍വീസിനു സമയമായി.വണ്ടി കൊണ്ടോയി അവിടെ ഇട്ടിട്ടു വരണം. വൈകിട്ടേ കിട്ടുള്ളൂ. വണ്ടി കൊണ്ടോയിട്ടിട്ടു തിരികെ നടന്നു വരാനുള്ള ദൂരമല്ല.. ഈ തണുപ്പത്താല്ലാരുന്നെങ്കില്‍ പിന്നേം നടക്കാമായിരുന്നു.. അപ്പൊ 2 കാറിലായിട്ടു പോയാലേ ഒരു വണ്ടി ഡ്രോപ് ചെയ്തിട്ടു തിരിച്ചു വരാന്‍ പറ്റുള്ളൂ.
പഷേ ഈ ഉറഞ്ഞു പോകുന്ന തണുപ്പത്ത്, 2 പേരും സിക്ക് ആയിട്ടിരിക്കണ സമയത്ത് 2 പേരേം കൊണ്ടു പോവാനും മനസ്സു വരണില്ല.. കുട്ട്യോളെ വീട്ടില്‍ ഇട്ടിട്ട് അങ്ങടു പോകാംന്നു കണ്ണുമടച്ചങ്ങു തീരുമാനിച്ചു...
ആദ്യം മനു പോവുക.അവിടെ എല്ലാമൊക്കെ പറഞ്ഞു കാറു കൊടുത്തു റെടിയാകുമ്പോ,വിളിക്കുക. അപ്പോ ഞാനോടി പോയി പിക്ക് ചെയ്യാംന്നു തീരുമാനിച്ചു. കുട്ട്യോളോടു പറയാതെ പോകാംന്നാ ആദ്യം ഓര്‍ത്തത്. ഞാന്‍ അപ്പുറത്തെന്തെങ്കിലും ചെയ്യുവാരിക്കുമെന്നോര്‍ത്തവരു തപ്പി നടക്കുമ്പോളേയ്ക്കും ഞങ്ങളിങ്ങെത്തുമല്ലോ.
2 പേര്‍ക്കും ഇഷ്ടപ്പെട്ട ചാനലൊക്കെ വച്ചു കൊടുത്തു. ഹാരിയ്ക്കു മിക്കിയും ഹാനയ്ക്കു കമ്പ്യൂട്ടറില്‍ ഗെയിമും. ഇനി എന്നെ ഒരു 2 ദിവസത്തേയ്ക്കു കണ്ടില്ലെങ്കില്‍ പോലും അവരറിയാന്‍ പോണില്ല..
പോകാറായപ്പോഴേയ്ക്കും, എനിക്കെന്തോ ഒരുള്‍വിളി വന്നു. ഹാനയോടു പറഞ്ഞിട്ടു പോണതല്ലേ ബുദ്ധി, എന്നൊരൊറ്റ നിമിഷത്തെ തോന്നലില്‍ ഞാന്‍ പറഞ്ഞു..
"മുത്തേ..അമ്മ ഒന്നു പോവാണേ.ഒരു റ്റെന്‍ മിനിറ്റില്‍ തിരിച്ചു വരാമേ. കരയരുതുട്ടോ. മിടുക്കി ആയിട്ടിരിക്കണം. കുഞ്ഞന്‍ കരഞ്ഞാല്‍ മമ്മയെ വിളിക്കണം. "
ഓക്കെ മോമി. പൊക്കോ" എന്നു പറഞ്ഞിട്ടോടി ചെന്നു ഹാരി മോനോടു പറയുവാ..
" മോനെ ഗസ് വാട്ട്. ഇന്നു ചേച്ചിയാ മോനെ ബേബി സിറ്റ് ചെയ്യാന്‍ പോണത്. നമ്മടെ മമ്മായേ ഷോപ്പിങ്ങിനു പോവാ. അപ്പോ മോനും ചേച്ചിയും തന്നെയാ ഇരിക്കാന്‍ പോണേ. "
ഡയലോഗ് കേട്ട എനിക്കു ചിരി അടക്കാന്‍ പറ്റിയില്ല.
മനൂന്‍റെ വിളി വന്നതും ഞാന്‍ ഓടി. ഡ്രൈവ് ചെയ്ത വഴിക്കു ഞാന്‍ വിളിച്ചു. ഫോണ്‍ എടുക്കുമോന്നു സംശയമായിരുന്നു. ഫോണില്‍ന്നു ഡയലു ചെയ്തു വിളിക്കാന്‍ അറിയാമെങ്കിലും, വിളിക്കുമ്പോ എടുത്തു 'റ്റോക്ക്' ഞെക്കാന്‍ അറിയുമോന്നു ഞാന്‍ ശങ്കിച്ചു. റ്റോക്ക് ഞെക്കിയാലും പോരാ സ്പീക്കര്‍ ഓണാക്കണം. ഇല്ലെങ്കിലമ്മൂമ്മ തള്ളയ്ക്കു ചെവിടു കേക്കൂല്ല.. ഞാന്‍ വിളിച്ചാല്‍ പോലും, സ്പീക്കറിട്ടില്ലെങ്കില്‍, " ഇന്നാ പപ്പ.. ഏതോ ഒരാന്‍റി, എന്തോ പറയുന്നു" എന്നു പറഞ്ഞു പപ്പയ്ക്കു കൊടുത്തുകളയും.
2 ബെല്ലിനകം ചാടി എടുത്തു.
" മമ്മ.. യൂ ഡോണ്ട് വറി. അയാം റ്റേയ്ക്കിങ്ങ് ഗൂഡ് കെയര്‍ ഓഫ് മൈ ലില്‍ ബ്രദര്‍.. ഞാനേ.. മ്മടെ കുഞ്ഞനേ, ആപ്പിളു കൊടുക്കുവാ. ബിസിയാ മമ്മാ... റ്റോക്ക് റ്റു യൂ ലേയ്റ്റര്‍.. "
എന്നു പറഞ്ഞു ഫോണ്‍ വച്ചു കക്ഷി.. അതു കേട്ടതും എനിക്കു റ്റെന്‍ഷനായി... ഇതേവരെ കത്തി ഉപയോഗിക്കാന്‍ കൊടുത്തിട്ടില്ല. പഠിപ്പിച്ചിട്ടുമില്ല.. ആപ്പിളെടുത്തു ചെത്താനും മുറിക്കാനുമൊക്കെ ശ്രമിച്ചു കളയുമോ കക്ഷി ? ഞാന്‍ ആധി കേറി പിന്നെയും വിളിച്ചു.
".മുത്തേ.. ആപ്പിളൊന്നും എടുക്കണ്ട.. എങ്ങിനെയാ കഴുകാതെയൊക്കെ ? "കത്തിയുടെ കാര്യം പറഞ്ഞു വെര്‍തെ ഐടിയ കൊടുക്കണ്ടല്ലോന്നോര്‍ത്തു..
" ഈ മമ്മാടെയൊരു കാര്യം. ഞാന്‍ ഓള്‍റെടി കുഞ്ഞനു കട്ട് ചെയ്തു കൊടുത്തൂല്ലോ. "
"എങ്ങനെ കട്ട് ചെയ്തു ?"
" നമ്മടെ നൈഫ് വച്ച്.. ഈ മമ്മ സില്ലിയാ.."
" എന്നിട്ട്... ? "
" എന്നിട്ടൊരു പീസ് നമ്മടെ കുഞ്ഞനു കൊടുത്തു... ഒരു പീസ് ഹാനക്കുട്ടീം ഈറ്റ് ചെയ്യുവാ.."
ഞാനൊന്നും പറഞ്ഞില്ല. ഒരുപാടു വളര്‍ന്ന് വല്യ പെണ്ണായിരിക്കുന്നു എന്‍റെ പൊടി.
ദോ..ഇന്നാളെങ്ങാണ്ടല്യോ ഇത്തിപ്പോരം പോന്ന ഒരു കുഞ്ഞുണ്ണൂലിയെ ഞാന്‍ പെറ്റത്?
കുട്ട്യോളെത്ര പെട്ടെന്നാ വളരണേ? നാലു വയസ്സാവാന്‍ ഇനീം മാസം രണ്ടരയുണ്ട്. ഇപ്പോളേ ഒരു പത്തു വയസ്സു കാരിയുടെ മട്ടും ഭാവവുമാ കക്ഷിക്ക് :) വളര്‍ന്നു വല്യ മുട്ടത്തി പെണ്ണായിരിക്കണൂ.
എന്താ സ്നേഹംന്നറിയോ കുഞ്ഞാങ്ങളയോട്.. ഞാനെങ്ങാന്‍..'ഹാരീ' എന്നൊന്നുറക്കെ വിളിച്ചാല്‍, അപ്പോളേയ്ക്കും.."മോമ്മീ" എന്നതിലും ഉച്ചത്തില്‍ എന്നെ വെരട്ടും.
"എന്‍റെ ബ്രദറാ.. എന്തിനാ മമ്മ അവനെ വഴക്കു പറയണത് ? അവനൊരു സ്മോള്‍ ബോയ് അല്ലേ.. ? അവനറിയാതെ അല്ലേ.. ? "
എന്നിട്ടു കുഞ്ഞനോട്.. " മോനേ..ഇനി അങ്ങനെ ചെയ്യരുതുട്ടോ.. എന്തിനാ നമ്മടെ പാവം മമ്മായെ ദേഷ്യം പിടിപ്പിക്കണത് ? ചേച്ചി എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്, അങ്ങനെ മമ്മാടെ സ്പെക്സൂരി എറിയരുതെന്ന്.. "
ഡിസ്‌ക്ളെയ്‌മര്‍ :കഴിഞ്ഞ ഒക്ടോബറില്‍ എഴുതി വച്ച പോസ്റ്റാണ്. തണുപ്പ്, വിന്‍റര്‍ എന്നൊന്നും കണ്ടു തെറ്റിദ്ധരിക്കണ്ട. എന്തെങ്കിലുമൊന്നു പോസ്റ്റു ചെയ്യാന്‍ മുട്ടിയപ്പോള്‍, ഡ്രാഫ്റ്റില്‍ കിടന്നതെടുത്തു പോസ്റ്റിയതാ. :)
Labels: കുട്ടിക്കാലം