ഹാന ഇന്നലെ ആദ്യമായൊരു ബര്‍ത്ത്ഡേ പാര്‍ട്ടി കൂടി. ഹാനയുടെ ഒന്നാം പിറന്നാള്‍, പപ്പയും മമ്മയും ഹാനയും മാത്രമായി കേയ്ക്കു മുറിച്ചാഘോഷിച്ചതു ഹാനയ്ക്കോര്‍മയുണ്ടാവില്ലല്ലോ (വിളിയ്ക്കാന്‍ ഞങ്ങള്‍ക്കിവിടെയാരെങ്കിലുമുണ്ടായിട്ടു വേണ്ടേ :) . അപ്പോള്‍ ഹാനയ്ക്കോര്‍മ്മയുള്ള ആദ്യത്തെ ബര്‍ത്ത്ഡേ ഇതു തന്നെ.
തലയിലു കോണ്‍ ഷേയ്പ്പിലുള്ള ബര്‍ത്ത്ഡേ ക്യാപ്പൊക്കെ വച്ചു , മൂന്നും നാലും ബലൂണ്‍ കഷ്ടപ്പെട്ടു കൈക്കുള്ളിലാക്കി, എല്ലാമോടിയോടി നടന്നു കണ്ട്, ഹാന ആകെ സന്തോഷത്തിലായിരുന്നു. 'ഹാപ്പി ബര്‍ത്ത്ഡേ റ്റൂ യൂ' പാടുന്നതും, പിന്നെ തിരി ഊതി കെടുത്തുന്നതും, എല്ലാവരും കയ്യടിക്കുന്നതുമൊക്കെ ഹാന സസൂക്ഷ്മം നോക്കി കണ്ടു.
തിരിച്ചു വീട്ടില്‍ വന്നപ്പോ മുതല്‍, ഹാനയുടെ നാവില്‍ 'ആപ്പി ബര്‍ത്ത്ഡേ റ്റൂ യൂ ' ആണ്. അത്രേം പാടിയിട്ടു ഹാന.. 'ഫൂ... ഫൂ.. ഫൂ ' എന്നു ഊതും. അപ്പോളേയ്ക്കും പപ്പയും മമ്മയും കയ്യടിക്കണം. ഇല്ലെങ്കില്‍ ഹാന, '...മപ്പാ.... പമ്മാ.. ക്ലാപ് ക്ലാപ് ' (പപ്പയേം മമ്മയേം കൂടി ഒരുമിച്ചു വിളിക്കേണ്ടി വരുന്ന സിറ്റുവേഷന്‍സില്‍, ആരെ ആദ്യം വിളിക്കണം, എന്നു കണ്‍ഫ്യൂസ്ടായിരിക്കുന്ന നേരത്തു, രണ്ടു പേരെയും കൂടി ഒരുമിച്ചു വിളിക്കാനുള്ള തെരക്കില്‍, ഹാന വിളിക്കുന്ന വിളിയാണു, പമ്മായും മപ്പാ യും :) എന്നു പറഞ്ഞു കയ്യടിപ്പിക്കും.
****************************
പപ്പയോ മമ്മയോ റെടിയായി പുറത്തേയ്ക്കു പോകാനിറങ്ങുമ്പോള്‍, ഹാന പിടിച്ചു നിറുത്തി, ഒരു നീണ്ട ലിസ്റ്റാണു പറഞ്ഞു വിടുക. അണിയന്‍, റ്റൊമേറ്റോ, പൊട്ടറ്റോ, ഗാര്‍ലിക്, ജിന്‍ചര്‍, മില്‍ക്, എഗ്ഗ്, ചിക്കന്‍..... ലിസ്റ്റ് അങ്ങനെ നീണ്ടു പോകും. എല്ലാം മേടിച്ചിട്ടു വരണം ഷോപ്പിങ്ങ് കഴിഞ്ഞു വരുംബോള്‍, എന്നര്‍ത്ഥം. ഇതായിരുന്നു ഇതുവരെയുള്ള പതിവ്.
എഗ്ഗ് ഹാനയുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. വിന്ററായതു കൊണ്ട്, മുട്ട കൊടുക്കാന്‍ അത്ര താല്‍പ്പര്യമില്ല ഞങ്ങള്‍ക്കു. എന്നാലും ഫ്രിഡ്ജ് തുറന്നു മുട്ട കണ്ടാല്‍ പിന്നെ അതു വേണമെന്നു പറഞ്ഞു ഹാന ബഹളം വയ്ക്കും. മുട്ട പുഴുങ്ങാന്‍ വയ്ക്കുന്ന പാത്രമേതെന്നു ഹാനയ്ക്കു കൃത്യമായറിയാം. അതുമെടുത്തു കയ്യില്‍ പിടിച്ചാവും, വാട്ടര്‍, എഗ്ഗ് , ബോയില്‍ എന്നൊക്കെ പറഞ്ഞുള്ള കരച്ചില്‍:)
കഴിഞ്ഞ ദിവസം ഇങ്ങനെ ബഹളം വച്ചപ്പോള്‍, 'അയ്യോ... എഗ്ഗ് ഇല്ല ഹാനാ, എഗ്ഗ് തീര്‍ന്നു. ഇനി ഷോപ്പിങ്ങിനു പോകുമ്പൊള്‍ നമുക്കു മേടിച്ചു കൊണ്ടു വരാംട്ടോ" എന്നു പറഞ്ഞു പറ്റിയ്ക്കാനൊരു ശ്രമം നടത്തി ഞാന്‍. പതിവിനു വിപരീതമായി, വലിയ പരിഭവമില്ലാതെ , വീണ്ടും വാശി പിടിയ്ക്കാതെ, ഞാന്‍ പറഞ്ഞതു വിശ്വസിച്ച മട്ടില്‍, ഹാന ലിവിങ്ങ് റൂമിലേയ്ക്കു പോകുന്നതും കണ്ടു.
രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍, ആരോ കതകിന്റെ ഹാന്‍ഡിലില്‍ പിടിച്ചു തിരിച്ചു, തുറക്കാന്‍ ശ്രമിക്കുന്നതു പോലെ, ശബ്ദം കേട്ടു ഞാന്‍ നോക്കുമ്പോള്‍, ഹാന വല്യ കൊച്ചമ്മ സ്റ്റയിലില്‍ അവളുടെ പഴ്സൊക്കെയെടുത്തു, കക്ഷത്തില്‍ വച്ച്, ( ഞങ്ങളുടെ പേഴ്സും കാര്‍ടും വലിച്ചു പുറത്തിട്ടുള്ള കളി നിറുത്താന്‍ വേണ്ടി, ഒന്നു രണ്ടു പഴയ കാര്‍ടും, അഞ്ചാറു സെന്റും ഒക്കെയിട്ടൊരു പേഴ്സ് ഹാനയ്ക്കു കൊടുത്തിട്ടുണ്ട്. ) വാതില്‍ക്കല്‍ പോയി തുറക്കാന്‍ ശ്രമിച്ചു കൊണ്ടു പറയുവാ., "
മമ്മാ... കുട്ടന്‍ ഷോപ്പിങ്ങ് പോവാ. എഗ്ഗ് തീര്‍ന്നു. ജ്യൂസ്, അണിയന്‍, റ്റൊമേറ്റോ, കേര്‍ഡ്, യോഗര്‍ട്ട്, ആപ്പിള്‍ എല്ലാം മെച്ചോണ്ടു വരാം. " .... !! എന്റീശ്വരാ... എന്താ ആ പറച്ചിലിന്റെ ഒരു ഗമ. എന്താ ഉത്തരവാദിത്വ ബോധം!! ചിരിച്ചു മറിഞ്ഞു ഞങ്ങള്‍ രണ്ടുപേരും.
എന്റെ മകള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്ന രീതി, എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്താറുണ്ട്. എന്തെങ്കിലുമൊരു പുതിയ കാര്യം അവള്‍ക്കു പറഞ്ഞു കൊടുക്കുമ്പോള്‍, അവളൊരിക്കലും ശ്രദ്ധിക്കാന്‍ കൂട്ടാക്കാറില്ല.
ഹാനാ.. സീ, ഗ്രീന്‍ കളര്‍ ബ്ലോക്ക്..., പപ്പാടെ ബ്ലാക് ഷറ്ട്ട്, റെഡ് ബോള്‍.. എന്നൊക്കെ കളറുകള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍, ഹാന അതൊന്നും ഒബ്സേര്‍വ് ചെയ്യുകയോ ചെവി തരിക പോലുമോ ഇല്ല. 'ഒന്നു പോ മമ്മാ... മമ്മായ്ക്കു വേറെ പണിയൊന്നുമില്ലേ.. ഇതൊക്കെ പഠിച്ചിട്ടു നാളെ എനിക്കെന്താ പരീക്ഷയാ ?' എന്നുള്ള ഗമയില്‍ അവളവളുടെ വഴിക്കു പോകും.
'എല്‍മോയുടെ ബ്ലാങ്കറ്റ് ആ ബാഡ് അങ്കിള്‍ കട്ടോണ്ടു പോയി ഹാനാ..., നോക്ക് , ബേണീടെ ക്രിസ്റ്റ്മസ് ട്രീ'... എന്നൊക്കെ പറയുമ്പോളും ഹാന, അതൊന്നും ഏറ്റു പറയാന്‍ കൂട്ടാക്കില്ല. നിന്നെയൊക്കെ പഠിപ്പിക്കണ സമയം കൊണ്ടു വേറെ വല്ല പ്രയോജനമുള്ള കാര്യം ചെയ്യട്ടെടീ ബുദ്ദൂസേ.. എന്നു പറഞ്ഞു ഞാനും പോകും.
പിറ്റേന്നു ട്രാഫിക് സിഗ്നലില്‍ നിറുത്തുമ്പോള്‍ .. 'റെഡ് ലൈറ്റ്'' എന്നു ഹാന വിളിച്ചു കൂവുമ്പോള്‍... 'അമ്പടീ കള്ളീ... അപ്പോ മമ്മ പറഞ്ഞതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നല്ലേ' എന്ന് ഞാന്‍ അല്‍ഭുതപ്പെടുക. രാത്രി ഉറങ്ങാന്‍ നേരം, അവള്‍ 'ബ്ലാങ്കറ്റ്'' തപ്പുകയും, വാള്‍മാര്‍ട്ടില്‍ ക്രിസ്മസ് ട്രീ കാണുമ്പോള്‍, ബേണീടെ ക്രിസ്മസ് ട്രീ എന്നു വിളിച്ചു പറയുകയും ചെയ്യും. ഒന്നും ശ്രദ്ധിക്കുന്നില്ലെന്നു ഭാവിക്കുമ്പോഴും, അവള്‍ ഒക്കെ കാണുന്നു, കേള്‍ക്കുന്നു, മനസ്സില്‍ കുറിച്ചിടുന്നു.
ഹാന ഒറ്റയ്ക്കിരുന്ന് എന്തെങ്കിലും ചെയ്യുന്ന സമയത്ത് ആരെങ്കിലും ഹാനയുടെ അടുത്തു ചെല്ലുന്നതു ഹാനയ്ക്കിഷ്ടമല്ല. ചില നേരങ്ങളില്‍ ചില കാര്യങ്ങള്‍ അവള്‍ക്കൊറ്റയ്ക്കു തന്നെ ചെയ്യണം. ഞങ്ങള്‍ 2 പേരും ലിവിങ് റൂമിലിരിക്കുമ്പോള്‍, ഹാന ഒറ്റയ്ക് പോയിരുന്നു കീബോര്‍ടു വായിക്കും. വെര്‍തെ അവള്‍ ഒറ്റയ്ക്കു ചെയ്യുന്നതു കാണാന്‍ ഉള്ള കൊതി കൊണ്ടു, ഞങ്ങള്‍ പോയി പതുങ്ങി നില്‍ക്കും. അതു പഷേ ഹാന കണ്ടാല്‍, അപ്പോ ഞങ്ങളെ ഉന്തി തള്ളി മാറ്റി വിടും. അങ്ങനെ മമ്മായെ തള്ളുമ്പൊള്‍, അവള്‍ പറയുന്ന ഡയലോഗിതാണ്. ' മമ്മാ... അക്കളേലു പണി... പൊക്കോ' . (മമ്മായ്ക്കു അടുക്കളയില്‍ പണി ഒന്നുമില്ലേ.. പോയി പണി ചെയ്യൂ... ഇവിടെ നിക്കണ്ട എന്നര്‍ത്ഥം. ഹാനമോളുറങ്ങുമ്പൊള്‍ പാട്ടു കേട്ടുറങ്ങാന്‍, അവളുടെ ബെഡിന്റെ സൈടില്‍ വച്ചിരിക്കുന്ന സി ടി പ്ലേയര്‍ ഒറ്റയ്ക്കു പ്ലേ ചെയ്തു പാട്ടു കേട്ടിരിക്കാനും ഇഷ്ടമാണവള്‍ക്ക്. ആ സമയത്തു പപ്പ ചെന്നാലും... 'പപ്പ... കമ്പ്യൂട്ടറില്‍... പൊക്കൊ...' എന്നവള്‍ ഓടിച്ചു വിടും. മമ്മാ അടുക്കളയില്‍ പണി ചെയ്യാനുള്ള ആളും, പപ്പാ, കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കേണ്ട ആളുമാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മമ്മാ, കൂടുതലുറങ്ങിയാല്‍, ആദ്യമുണരുന്ന ഹാന, മമ്മായെ വിളിക്കുന്നതു, 'മമ്മാ...അക്കളേലു പണി... സ്ലീപ്പിങ്.??. " (അടുക്കളയില്‍ മമ്മായ്ക്കു പണി ഒന്നുമില്ലേ ? ഇനിയും ഇങ്ങനെ ഉറങ്ങുവാ " ? )
രാത്രി എട്ടു മണിയോടെ അത്താഴം കഴിഞ്ഞ്, അടുക്കള വൃത്തിയാക്കിയൊക്കെ കഴിഞ്ഞാല്‍, എട്ടേ മുക്കാലോടെ ഒരു പത്തു മിനിറ്റ് പ്രാര്‍ത്ഥിക്കും ഞങ്ങള്‍. അതു കഴിഞ്ഞാല്‍, ഹാനയുറ്റെ സ്ലീപ് റ്റൈമാണെന്നു ഹാനയ്ക്കറിയാം. പ്രാര്‍ത്ഥന കഴിഞ്ഞാലുടന്‍, ഈശോയ്ക്കും , മമ്മായ്ക്കും, പപ്പായ്ക്കുംമക്കെ ഗുട് നൈറ്റ് പറഞ്ഞ് ഹാന ഉറങ്ങാന്‍ പോകും. നടുവൊന്നു നിവര്‍ത്താന്‍, അപ്പോളും കൌച്ചിലിരിക്കുന്ന മമ്മായെ നോക്കി..., 'മമ്മാ... അക്കളേലു പണി... മതി... പണിയെല്ലാം ശെയ്യ്" ......‘. (മമ്മാ.. ഇങ്ങനെയിരിക്കാതെ പോയി അടുക്കളയിലെ പണി ചെയ്യൂ...ഇരുന്നതു മതി ). ഓക്കെ മോളേ.. മമ്മാ, ഇപ്പൊ പൊക്കൊളാം എന്നു പറഞ്ഞാലും ഹാനയ്ക്കു തൃപ്തിയാവില്ല. ഞാനെഴുന്നേറ്റ്, അടുക്കള വശത്തേയ്ക്കു നടക്കുന്നതു കണ്ടാല്‍ മാത്രമേ, ഹാന ഉറങ്ങാന്‍ പോകൂ...
പഴയ പോലെ എല്ലാവറ്ക്കും വാരിക്കോരി ഉമ്മ കൊടുക്കുന്ന പരിപാടി ഹാന നിറുത്തി വച്ചിരിക്കുവാണിപ്പോള്‍. ഒരുമ്മ ചോദിച്ചാല്‍ പോലും, അവളുടെ സമയോം മൂടുമൊക്കെ വച്ച് കിട്ടിയാല്‍ മാത്രം കിട്ടീന്നു പറയാം. വൈകിട്ടു മമ്മാ, ഓഫീസില്‍ നിന്നു വരുമ്പോഴുള്ള കെട്ടിപിടിച്ചുമ്മയൊന്നും ഇപ്പോഴില്ല. പക്ഷെ, ഒരു പത്തു മിനിറ്റിനകം, എപ്പോഴെങ്കിലും മമ്മായെ സ്നേഹിക്കാന്‍ വരും.. അപ്പോള്‍, വന്നു മടിയില്‍ ക്കേറി ഇരുന്നു, കെട്ടിപ്പിടിച്ചുമ്മ തരികയും... 'ഇഷ്റ്റാ... മമ്മായെ ഇഷ്റ്റാ.... ഹാനാ ലവ്യൂ. മമ്മാ' എന്നെല്ലാം പറയുകയും ചെയ്യും.....എപ്പോളുമ്മ തന്നാലും കൂടെ ഈ 'ഇഷ്റ്റാ ഡയലോഗും ഉണ്ടാവും. ഒരാള്‍ക്കുമ്മ തന്നാലുടനെ ആ പരിസരത്തെങ്ങാന്‍ മറ്റെയാളുണ്ടെങ്കില്‍ , വിളിച്ചടുത്തു വരുത്തിയോ, അങ്ങോട്ടു ചെന്നോ, അവര്‍ക്കുള്ള ഉമ്മയുംമപ്പോ തന്നെ കൊടുക്കും ഹാന.
കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്നെത്തി, വൈകിട്ടു കപ്പയും മീനുമാവട്ടെയെന്നോര്‍ത്തു, ഫ്രീസറില്‍ നിന്നു മീനും കപ്പയുമെടുത്തു തണുപ്പു മാറാന്‍ പുറത്തു വച്ചു കഴിഞ്ഞപ്പോഴാണ് പച്ചമുളകും ഇഞ്ചിയുമില്ലെന്നു കണ്ടത്. ഹാനയുടെ സോയിമില്‍ക്കും തീരാറായിരിക്കുന്നു. പപ്പ റെടിയാവാന്‍ തുടങ്ങിയതും ആസ് യൂഷ്വല്‍ ഹാനയ്ക്കും പോണം. ‘കുട്ടന്‍ ഷോപ്പിങ്ങ്’.... കുട്ടന്‍ നൈസ് ഡ്രസ്സ്’ എന്നെല്ലാം പറഞ്ഞു പാന്റു വലിച്ചൂരി കഴിഞ്ഞു ഹാന. ഫ്രീസിങ്ങിനെക്കാള്‍ ഒന്നോ രണ്ടോ ഡിഗ്രി കൂടുതലേയുള്ളൂ. അത്രയ്ക്കും തണുപ്പാണ്. ഹാനയെ ജായ്ക്കറ്റും, ചെവിയൊക്കെ കവറു ചെയ്യുന്ന തൊപ്പിയും, ഗ്ലൊസുമെല്ലാമിടീച്ചു വിട്ടു.
പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നു കടയിലേയ്ക്കു നടക്കുന്നതിനിടയില്‍ ഹാനയ്ക്കു പെട്ടെന്നു പപ്പായോടു സ്നേഹം വന്നു. കെട്ടിപ്പിടിച്ചുമ്മയും ഇഷ്ടാ, ഐ ലവ്യൂ പപ്പാ... ഡയലോഗും കഴിഞ്ഞു വേഗം മമ്മായെ നോക്കി, മമ്മായ്ക്കുള്ള ക്വോട്ട കൊടുക്കാന്‍. അപ്പൊളാ മമ്മ വീട്ടിലാണല്ലോന്നോര്‍ത്തതു. വേഗം പപ്പായോടു പറയുന്നു.
തിരിച്ചു വീട്ടിലെത്തി കപ്പയും മീങ്കറിയും കണ്ടപ്പോഴല്ലെ പപ്പയ്ക്കു ഗുട്ടന്‍സു പിടി കിട്ടിയത് ? എന്നാലും, ഹാന പോകാനിറ്ങ്ങുന്നതു വരെ, ഞാന്‍ കപ്പയുടേയും ഫിഷിന്റെയുമൊന്നും കവറു പൊട്ടിക്ക പോലും ചെയ്തിരുന്നില്ല. പായ്ക്കറ്റിനുള്ളില്‍ കണ്ടപ്പോ തന്നെ എന്റെ കുറുമ്പിക്കു മനസ്സിലായി, അതു കപ്പയും ഫിഷുമാണെന്നും, മമ്മാ ഡിന്നറിനതാണുണ്ടാക്കാന്‍ പോകുന്നതെന്നും :)